അടൂർ : കൊവിഡിനെ തുടർന്ന് എട്ട്മാസമായി നിറുത്തിവച്ചിരുന്ന അടൂർ ഡിപ്പോയിൽ നിന്നുള്ള ഏക അന്തർ സംസ്ഥാന സർവീസായ മണിപ്പാൽ സൂപ്പർ ഡീലക്സ് പ്രതിദിന സർവീസായി പുനരാരംഭിച്ചു. പ്രതിദിന സർവീസായി ആരംഭിച്ച ഈ സർവീസ് വരുമാനം കുറവെന്ന പേരിൽ ആഴ്ചയിൽ മൂന്ന് ദിവസമായി ചുരുക്കിയിരുന്നു. ഇത് വ്യാപകപ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഈ സർവീസ് നിറുത്തലാക്കാനുള്ള പ്രവർത്തനങ്ങൾ അധികൃതരുടെ ഭാഗത്തുനിന്നും നടത്തിയിരുന്നെങ്കിലും ചിറ്റയം ഗോപകുമാർ എം.എൽ.എ എടുത്ത കടുത്ത നിലപാടിനെ തുടർന്നാണ് സർവീസ് ഡിപ്പോയ്ക്ക് നഷ്ടമാകാതിരുന്നത്. ട്രെയിൻ സർവീസുകൾ കുറവായതിനാൽ ഈ സർവീസ് പുനരാരംഭിച്ചത് ദീർഘദൂരയാത്രക്കാർക്ക് ഏറെ സഹായകമായി. പ്രത്യേകിച്ചും കണ്ണൂർ, കാസർഗോഡ്, മംഗലാപുരം തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള യാത്രക്കാർക്ക് വൈകിട്ട് 4.20ന് അടൂരിൽ നിന്നും പുറപ്പെടുന്ന സർവീസ് പുലർച്ചെ 4.30ന് മംഗലാപുരത്തും 5.10ന് ഉടുപ്പിയിലും 6ന് മണിപ്പാലിലും എത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് 6.30ന് മംഗലാപുരത്തും പിറ്റേദിവസം രാവിലെ 7.20ന് അടൂരിലും എത്തിച്ചേരത്തക്കവിധമാണ് ട്രിപ്പ് ക്രമീകരിച്ചിരിക്കുന്നത്. മംഗലാപുരം,മണിപ്പാൽ എന്നിവിടങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും ഈ സർവീസ് ഏറെ സഹായകരമാകും.നിറുത്തിവച്ച മറ്റൊരു സൂപ്പർഫാസ്റ്റ്റ്റ് സർവീസായ കണ്ണൂർ ഉദയഗിരി സർവീസും പുനരാരംഭിക്കുന്നതിനുള്ള ഉത്തരവ് ചീഫ് ഓഫീസിൽ നിന്നും നൽകി കഴിഞ്ഞു.ആവശ്യമായ ഡ്രൈവർ കം കണ്ടക്ടറെ ഡിപ്പോയ്ക്ക് ലഭ്യമാക്കിയാൽ ഈ സർവീസും ഉടൻ പുനരാരംഭിക്കാൻ കഴിയും.ഇതോടെ നിറുത്തിവച്ച സർവീസുകളിൽ പലതും അടൂർ ഡിപ്പിയിൽ നിന്നും പുനരാരംഭിക്കുന്നതിനുള്ള വഴിയൊരുങ്ങി.