saji-d
ഡി. സജി

അടൂർ : അടൂർ നഗരസഭാ ചെയർമാൻ സ്ഥാനം ആദ്യടേണായി സി.പി.ഐക്ക് നൽകാൻ ധാരണയായി. ഇന്നലെ ആർ.ഉണ്ണികൃഷ്ണപിള്ളയുടെ അദ്ധ്യക്ഷതയിൽ പത്തനംതിട്ടയിൽ ചേർന്ന എൽ.ഡി.എഫ് യോഗത്തിലാണ് തീരുമാനം.ആറാം വാർഡിൽ നിന്നും വിജയിച്ച സി.പി.ഐ ജില്ലാ അസി.സെക്രട്ടറി ഡി.സജി നഗരസഭാ ചെയർമാനാകും. വൈസ് ചെയർമാൻ സ്ഥാനം സി.പി.എംന് ലഭിക്കും. സി.പി.എം ഏരിയാ കമ്മിറ്റിഅംഗവും മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗവുമായ 21ാം വാർഡ് കൗൺസിലർ ദിവ്യാ റജിമുഹമ്മദിനാകും വൈസ് ചെയർപേഴ്സൺ പദവി ലഭിക്കുക. ചെയർമാൻ സ്ഥാനം സി.പി.ഐക്ക് വിട്ടുനൽകിയത് സി.പി.എംൽ ചെയർമാൻസ്ഥാനത്തെ ചൊല്ലി തർക്കം ഉയർന്ന സാഹചര്യത്തിലാണ്.സി.പി.എംലെ ഒരു കൗൺസിറെ ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കുന്നതിൽ സി.പി.എം ലും ഘടകക്ഷികൾക്കിടയിലും ശക്തമായ എതിർപ്പ് രൂപംകൊണ്ടിരുന്നു. ഈതർക്കത്തിൽ നിന്നും തലയൂരുന്നതിന് സി.പി.ഐക്ക് ചെയർമാൻ സ്ഥാനം നൽകുന്നതാണ് ഉചിതമെന്ന നിലപാടാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിൽ. 28അംഗ കൗൺസിലിൽ സി.പി. എംന് 7 സി.പി.ഐക്ക് 6, കേരള കോൺഗ്രസ് മാണിഗ്രൂപ്പിന് ഒന്നും കൗൺസിലമാരാണ് നിലവിലുള്ളത്. കേവല ഭൂരിപക്ഷത്തിന് ഒരാളുടെ പിന്തുണകൂടിവേണം. അയ്യപ്പൻപാറ വാർഡിൽ നിന്നും ഇരുമുന്നണികളേയും പരാജയപ്പെടുത്തി സ്വതന്ത്രയായി വിജയിച്ച ബീനാബാബുവിന്റെ പിന്തുണ എൽ.ഡി.എഫ് ഉറപ്പാക്കിയിട്ടുണ്ട്. ചെയർമാൻ സ്ഥാനം അഞ്ച് വർഷവും തങ്ങൾക്ക് വേണമെന്ന നിബന്ധനയാണ് സി.പി.ഐ മുന്നോട്ടുവെച്ചത്. എന്നാൽ അത് സി.പി.എം നേതൃത്വം അംഗീകരിച്ചില്ല. ആദ്യ രണ്ടര വർഷം കഴിയുമ്പോൾ ചെയർമാൻ സ്ഥാനം സി.പി.എം ന് കൈമാറണമെന്നതാണ് നിലവിലുള്ള ധാരണ. 28നാണ് ചെയർമാൻ, വൈസ് ചെയർപേഴ്സൺ തിരഞ്ഞെടുപ്പ്.