മൈലപ്ര: വോട്ടർപട്ടികയിൽ പേര് ചേർക്കുന്നത് ചർച്ച ചെയ്യാനായി മൈലപ്രയിൽ ചേർന്ന കോൺഗ്രസ് മണ്ഡലം കമ്മിറ്റി യോഗത്തിൽ നിന്ന് മൈലപ്ര സ്വദേശിയായ ഡി.സി.സി എക്സിക്യൂട്ടീവ് അംഗത്തെ പുറത്താക്കി. യു.ഡി.എഫ് സ്ഥാനാർത്ഥികൾക്കെതിരെ പ്രവർത്തിച്ച ഇദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യമുയർന്നതിനിടെയാണ് മറ്റൊരു ഡി.സി.സി അംഗം ജയിംസ് കീക്കിരിക്കാടിന്റെ വീട്ടിൽ ഇന്നലെ വൈകിട്ട് മണ്ഡലം കമ്മിറ്റി ചേർന്നത്. എക്സിക്യൂട്ടിവ് അംഗത്തെ യോഗത്തിലേക്ക് വളിച്ചിരുന്നില്ല. യോഗം നടക്കുന്നതറിഞ്ഞ് ജെയിംസിന്റെ വീട്ടിലെത്തിയപ്പോൾ കയറ്റാതെ കതകടച്ചു. കെ.പി.സി.സി സെക്രട്ടറി പി.എസ്. പ്രശാന്ത് യോഗത്തിൽ പ്രത്യേക ക്ഷണിതാവായിരുന്നു. മൈലപ്ര, മലയാലപ്പുഴ പഞ്ചായത്തുകളിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾക്കെതിരെ പ്രവർത്തിച്ചുവെന്ന് ചൂണ്ടിക്കാട്ടി എക്സിക്യൂട്ടീവ് അംഗത്തിനെതിരെ ഡി.സി.സി, കെ.പി.സി.സി നേതൃത്വങ്ങൾക്ക് ഒരു വിഭാഗം പരാതി അയച്ചു.