ചെങ്ങന്നൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ കഴിഞ്ഞതോടെ, അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഇനി ആരാവും എന്നറിയുവാനുള്ള കാത്തിരിപ്പിലാണ് എല്ലാവരും. അതിനിടെ ഘടകകക്ഷികൾ ഒറ്റയ്ക്കും മുന്നണി തലത്തിലും ചർച്ച സജീവമാക്കിയതായാണ് വിവരം. ചെങ്ങന്നൂർ നഗരസഭയിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ ഭരണം നിലനിറുത്താൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് യു.ഡി.എഫ്. ഇക്കുറി ഇവിടെ വനിതാ (ജനറൽ)സംവരണമാണ് അദ്ധ്യക്ഷ സ്ഥാനത്ത് ആരുവേണമെന്ന കാര്യത്തിൽ ചർച്ചകളും ചരടുവലികളും പുരോഗമിക്കുന്നതേയുള്ളുവെങ്കിലും, മുൻ ചെയർപേഴ്‌സണും സീനിയർ കൗൺസിലറുമായ ശോഭാ വർഗീസ് (കോൺഗ്രസ്) നാണ് സാദ്ധ്യത ഏറുന്നത്. അതേസമയം കോൺഗ്രസിലെ തന്നെ ഓമന വർഗീസ്, സൂസമ്മ ഏബ്രഹാം, ഷേർളി രാജൻ, മറിയാമ്മ ജോൺ ഫിലിപ്പ് എന്നിവരുടെ പേരും ചർച്ചയിൽ ഉയർന്നു കേൾക്കുന്നു. വൈസ് ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് പരിചയസമ്പന്നനായ വ്യക്തിക്കാവും സാദ്ധ്യത. മുൻ ചെയർമാനും യുവനേതാവുമായ കെ.ഷിബു രാജനാണ് ഏറെ പരിഗണനയെങ്കിലും മറ്റു പലരുടെയും പേരുകളും പട്ടികയിലുണ്ട്. സാമുദായിക സമവാക്യത്തിന്റെ പേരിലാണെങ്കിൽ യൂത്ത് കോൺഗ്രസ് നേതാവായ ഗോപു പുത്തൻമീത്തിലിന്റെ പേരും പരിഗണനയിലുണ്ട്. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടേതാവും അന്തിമ തീരുമാനം.