s

ശബരിമല - ദർശനത്തിന് ഡിസംബർ 26ന് ശേഷം എത്തുന്ന ഭക്തർക്കും സന്നിധാനത്ത് ജോലി ചെയ്യാനെത്തുന്ന എല്ലാ വിഭാഗം ജീവനക്കാർക്കും ആർടിപിസിആർ ടെസ്റ്റ് നടത്തിയ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. ഇതുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടികൾ പൂർത്തിയാക്കിയതായി സന്നിധാനത്ത് ചേർന്ന ശബരിമല ഉന്നതാധികാര സമിതി യോഗത്തിന് ശേഷം എഡിഎം ഡോ. അരുൺ വിജയ്, സന്നിധാനം പൊലീസ് സ്‌പെഷൽ ഓഫീസർ എ.എസ്. രാജു എന്നിവർ പറഞ്ഞു. ദർശനത്തിനെത്തുന്ന ഭക്തർ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതണം. ഇക്കാര്യം പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം മാത്രമേ നിലയ്ക്കലിൽ നിന്ന് ഭക്തരെ പമ്പയിലേക്കും തുടർന്ന് സന്നിധാനത്തേക്കും കടത്തി വിടൂ. ഡിസംബർ 30 ന് ശേഷം നിലയ്ക്കലിൽ ആന്റിജൻ ടെസ്റ്റ് ഉണ്ടാവില്ല.
കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതിന്റെ ഭാഗമായി തങ്ക അങ്കിയോടൊപ്പം സന്നിധാനത്തേക്ക് അനുഗമിക്കുന്നവരുടെ എണ്ണം ചുരുക്കും. അയ്യപ്പസേവാസംഘത്തിന്റെ കർപ്പൂരാഴിക്കും കൊവിഡ് മാനദണ്ഡം പാലിച്ച് മാത്രമാണ് അനുമതി. തങ്ക അങ്കി ഘോഷ യാത്രക്കായി പരമ്പരാഗത വഴിയിലെ ശുചീകരണ പ്രവർത്തനം തുടങ്ങി. അതേ ദിവസം സന്നിധാനത്തെത്തുന്ന ഭക്തരെ ഉച്ചക്ക് ഒരു മണിക്ക് മുമ്പായി ദർശനം പൂർത്തിയാക്കി മടക്കി അയയ്ക്കും. ഇതിനായി ഇരുമുടിക്കെട്ടെടുത്ത് വരുന്നവർക്ക് ഒറ്റത്തവണ സുഗമമായ ദർശനം ഉറപ്പാക്കും.