 
ചെങ്ങന്നൂർ : അങ്കംക്കുറിച്ച അറു പ്രാവശ്യവും ജയം. അതിൽ നാല് പ്രാവശ്യത്തെ വിജയം മൂന്ന് മുന്നണി സ്ഥാനാർത്ഥികൾക്കും എതിരെ ഒറ്റയ്ക്ക് മത്സരിച്ച് നേടിയ വിജയം. ഒറ്റക്ക് കന്നിയങ്കംക്കുറിച്ച വർഷം മുതൽ തുടർച്ചയായി രണ്ട് കൗൺസിൽ കാലയളവിലെ പത്ത് വർഷവും നഗരസഭയുടെ ചെയർമാൻ സ്ഥാനത്ത് അദ്ദേഹമായിരുന്നു. കേരളാ കോൺഗ്രസ് പി.സി.തോമസ് വിഭാഗം സംസ്ഥാന നേതാവും നഗര സഭാ മുൻചെയർമാനുമായ രാജൻ കണ്ണാട്ട് എന്ന തോമസ് വർഗീസാണ് റെക്കോർഡ് വിജയം നേടിയത്. ഒരു പക്ഷേ, കേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ തന്നെ ഭാഗ്യതാരമായി മാറിയിരിക്കുകയാണ് അദ്ദേഹം. ഓരോ തവണയും വിവിധ വാർഡുകളിൽ നിന്നാണ് നഗരസഭയിലേക്ക് മത്സരിച്ചത്. എഴാം കൗൺസിലിലേക്കുള്ള ഇത്തവണത്തെ മത്സരം തിട്ടമേൽ 15ാം വാർഡിൽ നിന്നായിരുന്നു. കേരള കോൺഗ്രസ് (എം) ജോസ് കെ.മാണി വിഭാഗം നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.സോജൻ വർഗീസും (എൽ.ഡി.എഫ്), കോൺഗ്രസ് നേതാവും ജയിംസ് പടിപ്പുരയ്ക്കൽ (യു.ഡി.എഫ്) ആയിരുന്നു ഇത്തവണത്തെ മുഖ്യ എതിരാളികൾ. ബി.ജെ.പി സ്ഥാനാർഥി പ്രമോദും മത്സര രംഗത്തുണ്ടായിരുന്നു. ഇവർ മൂവരെയും പിൻതള്ളിയായിരുന്നു ഇത്തവണത്തെ വിജയം. 2010ൽ രണ്ടാമത് ചെയർമാൻ ആയിരിക്കെ, ചില രാഷ്ട്രീയ കാരണങ്ങളാൽ കൗൺസിൽ അംഗത്വം രാജി വയ്‌ക്കേണ്ടതായി വന്നു. 2013ൽ ആയിരുന്നു ഇത്. തുടർന്ന് അതേ വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിച്ചത് ഇടതുമുന്നണി സ്വതന്ത്ര സ്ഥാനാർഥിയായിട്ടായിരുന്നു. ആ തിരഞ്ഞെടുപ്പിൽ ബേഥേൽ വാർഡിൽ റെക്കോർഡ് ഭൂരിപക്ഷം നേടി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പിന്നീടുള്ള രണ്ട് വർഷത്തെ കൗൺസിൽ കാലാവധിയിലും ചെയർമാനായി തുടർന്നു. എന്നാൽ തുടർന്ന് 2015ൽ നടന്ന തിരഞ്ഞെടുപ്പിൽ മറ്റൊരു വാർഡിൽ (റെയിൽവേ സ്റ്റേഷൻ) മത്സരിച്ചത് കേരള കോൺഗ്രസ് പി.സി.തോമസ് വിഭാഗം നേതാവെന്ന നിലയിൽ എൻ.ഡി.എ മുന്നണി സ്ഥാനാർത്ഥിയായിട്ടായിരുന്നു. അദ്ദേഹം മുന്നണി സംവിധാനത്തിൽ നിന്നും മത്സരിച്ചു വിജയിച്ചത് ഈ രണ്ട് തിരഞ്ഞെടുപ്പിൽ മാത്രമായിരുന്നു. 2000, 2005, 2010, 2020 വർഷങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിലാണ് മൂന്നു മുന്നണി സ്ഥാനാർത്ഥികൾക്കും എതിരെ ഒറ്റയ്ക്ക് മത്സരിച്ച് വിജയക്കൊടി പാറിച്ചത്.