 
പത്തനംതിട്ട : റാന്നി ഐത്തല പട്ടട വീട്ടിൽ ഇന്ന് ക്രിസ്മസില്ല. കൊവിഡിനെ തോൽപ്പിച്ച കരുത്തുമായി, തിരുപ്പിറവിയുടെ നക്ഷത്ര തെളിമയ്ക്കായി തോമസും മറിയാമ്മയും കാത്തിരുന്ന വേളയിലാണ് വിധി ഇവരെ വേർപിരിച്ചത്. വാർദ്ധക്യ സഹജമായ അവശതമൂലം തോമസ് ഇന്നലെ മരണത്തിന് കീഴടങ്ങിയപ്പോൾ ഇൗ കൊവിഡ് കാലത്തിന്റെ വേദനയാകുകയാണ് മറിയാമ്മ.
കൊവിഡിനെ അതിജീവിച്ച ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ ആദ്യത്തെ ദമ്പതികളാണിവർ. ആരോഗ്യരംഗത്തെ മുഴുവൻ അത്ഭുതപ്പെടുത്തിയാണ് ഇരുവരും ജീവിതത്തിലേക്ക് തിരിച്ചുവന്നത്. ആദ്യം പത്തനംതിട്ട ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലുമായിരുന്നു ചികിത്സ. കൊവിഡ് മുക്തി നേടി മടങ്ങിയെത്തിയ തോമസും മറിയാമ്മയും തികഞ്ഞ ആത്മ വിശ്വാസത്തിലായിരുന്നു. കൊവിഡിനെ ഒരു ജലദോഷം പോലെ കണ്ടാൽമതിയെന്നും മാസ്ക് ഉപയോഗിക്കണമെന്നും ആരോഗ്യവകുപ്പ് പറയുന്നത് അനുസരിക്കണമെന്നും അവർ തുടർച്ചയായി പറഞ്ഞുകൊണ്ടിരുന്നു. കർഷകൻ കൂടിയായ തോമസ് ഏബ്രഹാം നാടിന് പ്രിയപ്പെട്ട അപ്പച്ചൻ കൂടിയായിരുന്നു. തിരുപ്പിറവിയുടെ ധന്യത നിറയുന്ന ക്രിസ്മസ് ദിനത്തിൽ തോമസിന് മറിയാമ്മയും ബന്ധുക്കളും യാത്രാമൊഴി ചൊല്ലും.
കൊവിഡ് കുറച്ച് ക്ഷീണിപ്പിച്ചെങ്കിലും ഐത്തലയിലെ അറിയപ്പെട്ട കർഷകനായിരുന്നു കുഞ്ഞവറാച്ചനെന്ന തോമസ്. പുലർച്ചെ അഞ്ചരയ്ക്ക് ഉണരും. കട്ടൻകാപ്പിയിട്ട ശേഷം മറിയാമ്മയെ വിളിച്ചുണർത്തും. ഇരുവരും വീടിന്റെ വരാന്തയിലിരുന്ന് കുറച്ച് നേരം സംസാരിക്കും. പിന്നെ തോമസ് കൃഷിയിടത്തിലേക്ക് പോകും. രണ്ട് മണിക്കൂർ അദ്ധ്വാനം. തിരിച്ചുവരുമ്പോഴേക്കും മറിയാമ്മ കഞ്ഞിക്കൊപ്പം കപ്പയും കാച്ചിലും ചേനയും പുഴുങ്ങി കാന്തരിമുളകും ചേർത്ത് വച്ചിരിക്കും. വിശ്രമത്തിനും പത്രവായനയ്ക്കും ശേഷം തോമസ് വീണ്ടും പറമ്പിലേക്കും വയലിലേക്കും പോകും. ഉച്ചയ്ക്കും വൈകിട്ടും ചക്കയും കൂട്ടി ഊണ്. ജീവിതത്തിലെ ഇൗ ചിട്ടയും അദ്ധ്വാനവുമാണ് കൊവിഡിനെ കീഴടക്കാൻ തോമസിനു കരുത്തു നൽകിയത്.