തിരുവല്ല: രണ്ടാംവിള നെല്ല് സംഭരണത്തിന് രജിസ്റ്റർ ചെയ്യുന്നതിനായി സപ്ലൈകോയുടെ ഓൺലൈൻ പോർട്ടൽ തുറന്നു. രണ്ടാംവിള കൃഷി ആരംഭിച്ചിട്ടുള്ള എല്ലാ കർഷകരും പുതുതായി ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യണം. കഴിഞ്ഞ സീസണിലെപ്പോലെ പഴയ ഡാറ്റ ഉപയോഗിച്ച് രജിസ്ട്രേഷൻ രണ്ടാം വിളയിൽ ചെയ്യുന്നില്ല. കർഷകരുടെ ഏറ്റവും പുതിയ ഡാറ്റ ശേഖരിക്കേണ്ടതിനാലാണ് ഇങ്ങനെ ചെയ്യുന്നത്. ഓൺലൈൻ രജിസ്ട്രേഷൻ ചെയ്തു കഴിഞ്ഞാൽ അപേക്ഷ പ്രിന്റെടുത്ത് കൃഷിഭവനിൽ സമർപ്പിക്കേണ്ടതില്ല. അപേക്ഷയിൽ സമർപ്പിക്കുന്ന വസ്തുതകളിൽ കൃഷി ഉദ്യോഗസ്ഥർക്ക് സംശയം ഉള്ളപക്ഷം കർഷകർ യഥാർത്ഥ രേഖകൾ കാണിച്ച് ബോദ്ധ്യപ്പെടുത്തണം. പാട്ട കർഷകർ പ്രത്യേക സത്യവാങ്മൂലം സമർപ്പിക്കേണ്ടതില്ല. ഓൺലൈൻ രജിസ്ട്രേഷൻ നടത്തുന്നതിന് 2021 ഫെബ്രുവരി 15 വരെ പോർട്ടൽ തുറന്നിരിക്കും. രജിസ്ട്രേഷൻ സംബന്ധിച്ച വിവരങ്ങൾ കേന്ദ്ര സർക്കാരിന് നൽകേണ്ടതിനാൽ നിശ്ചിത സമയ പരിധിക്കുള്ളിൽ രജിസ്ട്രേഷൻ പൂർത്തിയാക്കണം. രജിസ്ട്രേഷൻ തീയതി പിന്നീട് നീട്ടുന്നതല്ല. കേന്ദ്ര സർക്കാർ നിശ്ചയിച്ച ഗുണനിലവാരമുള്ള നെല്ല് മാത്രമേ സപ്ലൈകോ സംഭരിക്കു. കർഷകർ നിശ്ചിത ഗുണനിലവാരം ഉള്ള നെല്ല് മാത്രം സംഭരണത്തിന് തയ്യാറാക്കണം. രജിസ്‌ട്രേഷൻ ഇല്ലാത്ത കർഷകരുടെ നെല്ല് സപ്ലൈകോ സംഭരിക്കുന്നതല്ല.