തിരുവല്ല: നഗരത്തിലെ ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ള വിതരണം മുടങ്ങിയിട്ട് രണ്ടാഴ്ചയിലേറെയായി. തിരുവല്ല റവന്യു ടവറിലും ഫയർ സ്റ്റേഷൻ, പൊലീസ് സ്റ്റേഷൻ, സബ് ട്രഷറി ഉൾപ്പെടെയുള്ള വിവിധ സർക്കാർ ഓഫിസുകളിലും തുരുത്തുമല പാറ പ്രദേശത്തെ വീടുകളിലുമാണ് വെള്ളം കിട്ടാത്തത്. പലതവണ പരാതിപ്പെട്ടിട്ടും കുടിവെള്ളം വിതരണം ചെയ്യാൻ നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി ശക്തമാണ്. പല ഓഫിസുകളിലും വെള്ളം വിലയ്ക്ക് വാങ്ങിയാണ് ഉപയോഗിക്കുന്നത്. ക്രമപ്രകാരം ആഴ്ചയിൽ രണ്ടും മൂന്നും തവണ കുടിവെള്ളം ലഭിച്ചിരുന്ന പ്രദേശങ്ങളാണിത്. കഴിഞ്ഞ 14ന് അറ്റകുറ്റപ്പണികളുടെ ഭാഗമായി നഗരത്തിൽ മൂന്നുദിവസം പമ്പിംഗ് നിറുത്തിവച്ചിരുന്നു. ഇതിനുശേഷം കുടിവെള്ള വിതരണം ആരംഭിച്ചെങ്കിലും ഈ പ്രദേശങ്ങളിൽ ലഭിച്ചില്ല. ഇതിനിടെ കല്ലിശ്ശേരി പമ്പ് ഹൗസിൽ വൈദ്യുതി മുടങ്ങിയതും ജലവിതരണത്തെ ബാധിച്ചു. നഗരത്തിലെ ഉയർന്ന പ്രദേശങ്ങളിൽ ജലവിതരണത്തിലുണ്ടായ തടസ്സങ്ങൾ ഉടൻ പരിഹരിക്കുമെന്നും ഇന്ന് മുതൽ ജലവിതരണം പുനരാരംഭിക്കുമെന്നും ജല അതോറിറ്റി അധികൃതർ പറഞ്ഞു.