അടൂർ: നഗരസഭയിലെ പോത്രാട് ചിറയും തോടും നവീകരിക്കാൻ 22 ലക്ഷം രൂപ അനുവദിച്ചതായി ചിറ്റയം ഗോപകുമാർ എം.എൽ.എ അറിയിച്ചു. വർഷങ്ങളായി മണ്ണും ചെളിയും നിറഞ്ഞ് ഉപയോഗശൂന്യമായി കിടക്കുന്ന പോത്രാട് ചിറ നന്നാക്കുന്നതിനും അതിനോടനുബന്ധിച്ചുള്ള തോട് ശരിയാക്കുന്നതിനും മന്ത്രി കെ .കൃഷ്ണൻകുട്ടിക്ക് നൽകിയ നിവേദനത്തെ തുടർന്നാണ് തുക അനുവദിച്ചത്. നിരവധിതവണ ജില്ലാവികസന സമിതി യോഗത്തിലും എംഎൽഎ ഈ വിഷയം ഉന്നയിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ 22 ലക്ഷം രൂപ അനുവദിച്ചത്. നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുന്നതിന് മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പുറമ്പോക്ക് സ്ഥലം കൈയേറിയിട്ടുണ്ടോഎന്ന് പരിശോധിക്കുന്നതിന് താലൂക്ക് സർവേയർക്ക് നിർദ്ദേശം നൽകി. എം.എൽ.എ സ്ഥലം സന്ദർശിച്ചു. കൗൺസിലർമാരായ ഡി സജി, ശ്രീജ ആർ നായർ, മുൻ കൗൺസിലർ പോത്രാട് മധു, മൈനർ ഇറിഗേഷൻ എ. ഇ രാമകൃഷ്ണൻ എന്നിവരും ഉണ്ടായിരുന്നു.