പത്തനംതിട്ട : വർദ്ധിച്ചുവരുന്ന വന്യമ്യഗങ്ങളുടെ ശല്യം കണക്കിലെടുത്ത് നാറാണംമൂഴി പഞ്ചായത്തിലെ ഇടമുറി പാലം – ഇരപ്പൻപാറ ശാസ്താംകണ്ടം വഴിയുള്ള ഇടമുറി അമ്പലം റോഡ് നവീകരിച്ച് വഴിവിളക്കുകൾ സ്ഥാപിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ.
ഭൗതിക സാഹചര്യങ്ങളുടെ കുറവ് കാരണം ദുരിതം അനുഭവിക്കുന്ന പ്രദേശവാസികളുടെ പരാതി പൂർണമായും പരിഹരിക്കണമെന്ന് കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.
പഞ്ചായത്ത് സെക്രട്ടറിയുടെ നടപടികളിൽ വീഴ്ചയുണ്ടായാൽ പരാതിക്കാരന് വീണ്ടും കമ്മിഷനെ സമീപിക്കാമെന്ന് ഉത്തരവിൽ പറയുന്നു.
നാറാണംമൂഴി പഞ്ചായത്ത് സെക്രട്ടറിയിൽ നിന്ന് കമ്മിഷൻ റിപ്പോർട്ട് വാങ്ങിയിരുന്നു. ഇരപ്പൻപാറ ശാസ്താംകണ്ടം – ഇടമുറി ദേവീക്ഷേത്രം റോഡ് കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കാൻ പഞ്ചായത്തിൽ തനത് ഫണ്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. സർക്കാരിൽ നിന്ന് ലഭ്യമാകുന്ന മെയിന്റനൻസ് ഫണ്ട് ഉപയോഗിച്ച് 202021 വാർഷിക പദ്ധതിയിൽ 3,50,000 രൂപ പ്രവർത്തിക്കായി വകയിരുത്തിയിട്ടുണ്ട്. വഴിവിളക്ക് സ്ഥാപിക്കാനും തുക വകയിരുത്തിയിട്ടുണ്ട്. റോഡ് വശത്തുള്ള തോടിന് സംരക്ഷണഭിത്തി നിർമ്മിക്കണമെന്ന നാട്ടുകാരുടെ ആവശ്യം പരിഗണിക്കാൻ അധികം തുക ആവശ്യമാണ്. ഇത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്താൻ നടപടിയെടുക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. നാറാണംമൂഴി പഞ്ചായത്ത് അംഗം മോഹനൻ പിള്ള സമർപ്പിച്ച പരാതിയിലാണ് നടപടി.