
പത്തനംതിട്ട: ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്തിന് എൽ.ഡി.എഫിലെ മൂന്ന് കക്ഷികൾ അവകാശവാദം ഉന്നയിച്ചു. സി.പി.എം അഞ്ചുവർഷവും പ്രസിഡന്റു സ്ഥാനം ഏറ്റെടുക്കുന്ന സാഹചര്യത്തിൽ സി.പി.ഐ, കേരള കോൺഗ്രസ് ജോസ് വിഭാഗം, ജനതാദൾ എസ് കക്ഷികളാണ് വൈസ് പ്രസിഡന്റ് പദവി ആവശ്യപ്പെട്ടത്. മൂന്ന് കക്ഷികൾക്കുമായി ടേം അടിസ്ഥാനത്തിൽ ഭരണം നൽകാനാണ് സാദ്ധ്യത.
തുടക്കത്തിൽ സി.പി.ഐയിലെ ശ്രീനാദേവി കുഞ്ഞമ്മ വൈസ് പ്രസിഡന്റാകുമെന്നായിരുന്നു സൂചന. എന്നാൽ സംസ്ഥാനാടിസ്ഥാനത്തിൽ എൽ.ഡി.എഫിൽ ജില്ലാ പഞ്ചായത്ത് പദവികൾ വീതംവയ്ക്കുന്നതുമായി ബന്ധപ്പെട്ട ധാരണകൾ കൂടി പുറത്തുവന്നാൽ മാത്രമേ അന്തിമ തീരുമാനമാകുകയുള്ളൂ. വൈസ് പ്രസിഡന്റ് സ്ഥാനം വനിതാ സംവരണമാണ്. സി.പി.ഐയിൽ ശ്രീനാദേവിയെ കൂടാതെ രാജി പി.രാജപ്പൻ, കേരള കോൺഗ്രസ് ജോസ് വിഭാഗത്തിൽ അന്നമ്മ പി.ജോസഫ്, ജനതാദളിൽ സാറാ തോമസ് എന്നിവരാണ് എൽ.ഡി.എഫിലെ വനിതാ അംഗങ്ങൾ. സംസ്ഥാനതല നിർദേശം വന്നുകഴിഞ്ഞാൽ എൽ.ഡി.എഫ് ജില്ലാ യോഗം ചേർന്ന് അന്തിമ തീരുമാനമെടുക്കും.
പ്രസിഡന്റു സ്ഥാനം സി.പി.എമ്മിലെ ഓമല്ലൂർ ശങ്കരനു ലഭിക്കും. അദ്ദേഹം തന്നെ അഞ്ചുവർഷവും തുടരുമെന്നാണ് സൂചന. എന്നാൽ സി.പി.എമ്മിലെ ആർ. അജയകുമാർ, ജിജി മാത്യു എന്നിവർക്കു കൂടി അവസരം നൽകണമെന്നാവശ്യവും ഉയർന്നിട്ടുണ്ട്. ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിൽ എൽ.ഡി.എഫിനു ഭൂരിപക്ഷം ലഭിച്ച സ്ഥലങ്ങളിലെ അദ്ധ്യക്ഷ, ഉപാദ്ധ്യക്ഷ സ്ഥാനങ്ങളെ സംബന്ധിച്ച ധാരണ പ്രാദേശികതലത്തിൽ രൂപപ്പെടുത്തി ജില്ലാ സമിതിയെ അറിയിക്കാനാണ് നിർദേശം. തർക്കങ്ങളുണ്ടായാൽ ജില്ലാ എൽ.ഡി.എഫ് യോഗത്തിൽ പരിഹാരം കാണും.