 
കോഴഞ്ചേരി : അക്ഷരങ്ങൾക്കൊപ്പം പ്രകൃതിയെയും കാവുകളെയും പ്രണയിച്ച കവയിത്രി സുഗതകുമാരിക്ക് ആറന്മുള പൈതൃക ഗ്രാമ കർമ്മസമിതിയുടെ നേതൃത്വത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ചു. ആറന്മുള സമരത്തിന്റെ നിർണ്ണായക ഘട്ടത്തിൽ നേതൃത്വം ഏറ്റെടുത്ത് മുഴുവൻ സംഘടനകളെയും ഒന്നിച്ചണിനിരത്തി വിജയം വരിക്കുന്നതിൽ സുഗതകുമാരി വഹിച്ച പങ്ക് സമാനതകളില്ലാത്തതായിരുന്നു. പ്രക്ഷോഭത്തിന്റെ ഭാഗമായി 108 ദിവസം നടന്ന സത്യാഗ്രഹത്തോടനുബന്ധിച്ചുളള പ്രകടനങ്ങൾ ആരംഭിച്ചത് ആറന്മുളയുടെ കാർഷിക സംസ്‌കൃതിയുടെ പ്രതീകമായ പുത്തരിയാലിന്റെ സമീപത്തുനിന്നായിരുന്നു.
ആറന്മുള നിവാസികളും സമര സമിതി പ്രവർത്തകരും പുത്തരിയാലിന്റെ ചുവട്ടിൽ ഒത്തുചേർന്നു. പൈതൃക ഗ്രാമകർമ്മ സമിതി ഭാരവാഹികളായ പി. ഇന്ദുചൂഢൻ, അഡ്വ.കെ.ഹരിദാസ്, ഹരി ആറന്മുള, പി.പി.ചന്ദ്രശേഖരൻ നായർ, ആറന്മുള വിജയകുമാർ, പി.ആർ.ഷാജി, എൻ.കെ.നന്ദകുമാർ, ഉത്തമൻ കുറുന്താർ, കെ.പി. സോമൻ, താരാ ഉണ്ണികൃഷ്ണൻ, അഡ്വ. ബാലകൃഷ്ണൻ നായർ, വേണു പനവേലിൽ, അനിൽ സരോവരം എന്നിവർ പങ്കുചേർന്നു.