ചെങ്ങന്നൂർ: റോഡരികിൽ കെട്ടിട നിർമ്മാണത്തിലായിരുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ ഷർട്ടിൽ സൂക്ഷിച്ച പണവും വിലപ്പെട്ട രേഖകളും കവർന്ന് ഓട്ടോറിക്ഷയിൽ വന്നയാൾ കടന്നു .
ചെങ്ങന്നൂർ പുത്തൻകാവിൽ ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. പുത്തൻകാവ് മാർത്തോമ്മാ പള്ളിക്ക് പടിഞ്ഞാറുളള കുരിശടിക്ക് സമീപം നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ പണി ചെയ്തുകൊണ്ടിരുന്ന തൊഴിലാളികളായ രണ്ടു പേരുടെ ഷർട്ടിൽ നിന്നാണ് അയ്യായിരത്തോളം രൂപയും ആധാർ കാർഡും തിരിച്ചറിയൽ കാർഡും ഉൾപ്പടെ മോഷ്ടിച്ചത്.
വർക്കിംഗ് ഡ്രസ് ധരിക്കാൻ വേണ്ടി പണം അടങ്ങിയ ഇവരുടെ ഷർട്ടുകളും മറ്റും നിർമ്മാണം നടക്കുന്ന കെട്ടിടത്തിന് താഴെ സൂക്ഷിച്ചിരിക്കുകയായിരുന്നു.
ഓട്ടോറിക്ഷയിൽ എത്തിയ ഒരാൾ ഷർട്ടിൽ നിന്ന് പണവും മറ്റും മോഷ്ടിച്ച് കടന്നുകളയുകയായിരുന്നുവെന്ന് ,തൊഴിലാളികൾ പൊലിസിൽ നൽകിയ പരാതിയിൽ പറയുന്നു. കായംകുളം രജിസ്‌ട്രേഷനിലുള്ള ഓട്ടോറിക്ഷയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.