കൊടുമൺ: കൊടുമൺ ഗ്രാമപഞ്ചായത്തിൽ കെ.കെ. ശ്രീധരൻ പ്രസിഡന്റാകും. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മുൻ കൊടുമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാണ് കെ.കെ.ശ്രീധരൻ . 18 വാർഡുകളുള്ള കൊടുമൺ ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ഒമ്പതും യു.ഡി.എഫിന് എട്ടും സീറ്റ് വീതമാണ് ലഭിച്ചത്. കോൺഗ്രസ് റിബലായി മത്സരിച്ച കുഞ്ഞന്നാമ്മകുഞ്ഞ് എൽ.ഡി.എഫിൽ ചേർന്നതോടെ ഭരണം എൽ.ഡി.എഫിനായി. കുഞ്ഞന്നാമ്മകുഞ്ഞ് പ്രസിഡന്റുമായി. ജില്ലയിലെ ഏറ്റവും മികച്ച പഞ്ചായത്തിനുള്ള അംഗീകാരവും നേടി. ഇത്തവണ എൽ.ഡി.എഫിന് 11 സീറ്റ് നേടാനായി. സംവരണ സീറ്റായ ആറാം വാർഡിൽ നിന്ന് വൻഭൂരിപക്ഷത്തോടെയാണ് കെ.കെ.ശ്രീധരൻ ജയിച്ചത്. കഴിഞ്ഞ അരനൂറ്റാണ്ടിലേറെയായി കർഷകത്തൊഴിലാളി രംഗത്തും പാർട്ടി ബഹുജനസംഘടനകളിലും സജീവമായി പ്രവർത്തിക്കുകയാണ് കെ.കെ.ശ്രീധരൻ. സംസ്ഥാനത്തെ ഏറ്റവും വലിയ സ്റ്റേഡിയങ്ങളിലൊന്നായ കൊടുമൺ ഇ.എം.എസ് സ്റ്റേഡിയത്തിന് തുടക്കം കുറിച്ചത്. കെ.കെ.ശ്രീധരൻ പ്രസിഡന്റായിരിക്കുമ്പോഴാണ്.