p12

പത്തനംതിട്ട: വാഹനാപകടത്തിൽ ശരീരം തളർന്ന്,​ സംസാരശേഷി നഷ്ടപ്പെട്ട് എട്ട് വർഷമായി കിടപ്പിലായ വനിതാ വില്ലേജ് ഒാഫീസർക്ക് സർക്കാർ പെൻഷൻ അനുവദിച്ചു. ഇലന്തൂർ വില്ലേജ് ഒാഫീസറായിരുന്ന കൊടുമൺ അങ്ങാടിക്കൽ വടക്ക് സരസ്വതി വിലാസത്തിൽ അജിതകുമാരിക്കാണ് 2018 മുതൽ മുൻകാല പ്രാബല്യത്തോടെ പെൻഷൻ ലഭിക്കുന്നത്. രോഗാവസ്ഥയും ഭവനവായ്പ തിരിച്ചടയ്ക്കാനാകാതെ വീടും സ്ഥലങ്ങളും ജപ്തി ഭീഷണിയിലായ കുടുംബത്തിന്റെ സ്ഥിതിയും ചൂണ്ടിക്കാട്ടി കഴിഞ്ഞ ജൂലായ് 7ന് കേരളകൗമുദി പ്രസിദ്ധീകരിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഇൻവാലിഡ് പെൻഷനുള്ള അപേക്ഷ രേഖകൾ കാണാനില്ലെന്ന മുട്ടാപ്പോക്ക് ന്യായം പറഞ്ഞ് ഉദ്യോഗസ്ഥർ പെൻഷൻ തടഞ്ഞുവച്ചത് കേരളകൗമുദി പുറത്തുകൊണ്ടുവന്നിരുന്നു. വാർത്ത റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്റെ ശ്രദ്ധയിൽപ്പെടുകയും അടൂർ എം.എൽ.എ ചിറ്റയം ഗോപകുമാർ അജിതകുമാരിയെ സന്ദർശിക്കുകയും ചെയ്തിരുന്നു. കൊവിഡ് നിയന്ത്രണങ്ങൾ നീങ്ങിയശേഷം അപേക്ഷയും രേഖകളും പരിശോധിച്ച് നടപടിയെടുക്കുമെന്ന് ചിറ്റയം ഗോപകുമാറിന് മന്ത്രി ഉറപ്പ് നൽകി. റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവിന്റെ പകർപ്പ് എം.എൽ.എ മുഖേന അജിതകുമാരിയുടെ ഭർത്താവ് രാജൻപിള്ളയ്ക്ക് ലഭിച്ചു. അടുത്ത വർഷം മേയ് വരെ സർവീസുണ്ടെങ്കിലും ഇൻവാലിഡ് പെൻഷൻ എന്ന പേരിൽ ആനുകൂല്യം ലഭിക്കാൻ ചട്ടമുണ്ട്.

2012 മേയ് 22ന് വൈകിട്ട് അഞ്ചിന് ഇലന്തൂർ വില്ലേജ് ഒാഫീസിലെ ജോലി കഴിഞ്ഞ് സഹപ്രവർത്തകന്റെ ബൈക്കിന് പിന്നിലിരുന്ന് ബസ് സ്റ്റോപ്പിലേക്ക് വരവെ, ചരലിൽ തെന്നിമറിഞ്ഞാണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. സംസാരശേഷിയും ചലനശേഷിയും വീണ്ടെടുക്കാനായില്ല.

ആശ്രിത നിയമനത്തിനും അർഹത

അജിതകുമാരിയുടെ മക്കളിൽ ഒരാൾക്ക് ആശ്രിത നിയമനം ലഭിക്കാൻ അർഹതയുണ്ട്. അപകടത്തിൽപ്പെട്ട് ചലനശേഷി നഷ്ടമായ കൊല്ലം പൻമന വടക്കുംതല മല്ലയിൽ ഷെറഫിന്റെ മകന് ആശ്രിത നിയമനം നൽകിയിരുന്നു. ആലപ്പുഴ ആറാട്ടുപുഴ പഞ്ചായത്തിലെ ജോലി കഴിഞ്ഞ് സ്കൂട്ടറിന് പിന്നിലിരുന്ന് യാത്രചെയ്യുമ്പോഴായിരുന്നു ആ അപകടം. ഇൻവാലിഡ് പെൻഷനും അനുവദിച്ചിട്ടുണ്ട്.

'' വളരെ സന്തോഷം. കേരളകൗമുദിക്കും സർക്കാരിനും നന്ദി. മക്കളിൽ ഒരാൾക്ക് ആശ്രിത നിയമനത്തിനുള്ള അപേക്ഷയിലും തീരുമാനമെടുക്കണമെന്ന് അപേക്ഷിക്കുന്നു.

രാജൻപിള്ള,

അജിതകുമാരിയുടെ ഭർത്താവ്

'' പെൻഷൻ തുക ഉടൻ ലഭിക്കും. ആശ്രിത നിയമനത്തിന് നടപടി വേണമെന്ന് റവന്യൂ മന്ത്രിയോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

ചിറ്റയം ഗോപകുമാർ എം.എൽ.എ