തിരുവല്ല: വള്ളംകുളത്ത് ടി.കെ. റോഡരുകിലെ ഫർണിച്ചർ കട ഉൾപ്പെടെയുള്ള തടിമില്ലിൽ ഉണ്ടായ തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടം. ഇവിടുത്തെ തൊഴിലാളി തമിഴ്നാട് സ്വദേശി സിബുവിന് പൊള്ളലേറ്റു. വള്ളംകുളം പാലത്തിന് സമീപം പ്രവർത്തിക്കുന്ന എബോണി തടിമില്ലിലാണ് വെള്ളിയാഴ്ച പുലർച്ചെ അഞ്ചരയോടെ തീപിടിത്തം ഉണ്ടായത്. തടിയും ഫ്ലൈവുഡും ഉപയോഗിച്ച് സോഫ അടക്കമുള്ള ഗൃഹോപകരണങ്ങൾ നിർമ്മിക്കുന്ന യൂണിണിറ്റിലാണ് തീപിടിത്തം. 5000 ചതുരശ്ര അടിയിൽ പ്രവർത്തിക്കുന്ന യൂണിറ്റിലെ ഉപകരണങ്ങൾ അടക്കമുള്ള സാധനങ്ങൾ പൂർണമായും കത്തിനശിച്ചു. ഫർണിച്ചറുകൾ ഉണ്ടാക്കാൻ ഉപയോഗിച്ചിരുന്ന യന്ത്രസാമഗ്രികളും കത്തി നശിച്ചിട്ടുണ്ട്. തിരുവല്ല, ചെങ്ങന്നൂർ, പത്തനംതിട്ട, ചങ്ങനാശ്ശേരി, കോഴഞ്ചേരി, മല്ലപ്പള്ളി എന്നിവിടങ്ങളിൽ നിന്നെത്തിയ ഏഴ് ഫയർ എൻജിനുകൾ ഉപയോഗിച്ച് അഗ്നിശമന സേനയും പൊലീസും നാട്ടുകാരും ചേർന്ന് മൂന്ന് മണിക്കൂറോളം നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് തീ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചത്. തീ പിടിത്തെതുടർന്ന് സ്ഥാപനത്തിന്റെ ഇരുമ്പ് ചട്ടക്കൂട്ടിൽ നിർമ്മിച്ച മേൽക്കൂര കത്തി നിലംപതിച്ചു. മുൻവശത്ത് പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനവും പൂർണമായും മിനിലോറി ഭാഗികമായും കത്തി. സ്ഥാപനത്തോട് ചേർന്ന മുറിയിൽ മൂന്ന് ജീവനക്കാർ താമസിക്കുന്നുണ്ടായിരുന്നു. തീ അണക്കാൻ ശ്രമിക്കുന്നതിനിടെ ഇക്കൂട്ടത്തിൽ ഉണ്ടായിരുന്ന സിബുവിന് പൊള്ളലേറ്റു. റോഡിലൂടെ പുലർച്ചെ പാലുമായി പോയ വാഹന യാത്രികരാണ് തീപിടിത്തം ഫയർഫോഴ്സിൽ അറിയിച്ചത്. ഞാലിക്കണ്ടം കൊണ്ടൂർ സാമുവൽ ചാക്കോയുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. അരക്കോടിയിലേറെ രൂപയുടെ നാശനഷ്ടം സംഭവിച്ചതായി പ്രാഥമികമായി വിലയിരുത്തുന്നു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും ഇത് സംബന്ധിച്ച് കൂടുതൽ പരിശോധനകൾ നടത്തുമെന്നും അഗ്നിശമന സേന ഉദ്യോഗസ്ഥർ പറഞ്ഞു.