മല്ലപ്പള്ളി: കോട്ടാങ്ങൽ മഹാഭദ്രകാളി ക്ഷേത്രത്തിലെ 28 പടയണിക്ക് ഇന്നലെ രാത്രി ചൂട്ടുവെച്ചു. കുളത്തൂർ കരയിൽ താഴത്തു വീട്ടിൽ കൊട്ടാരത്തിൽ മൂത്തോമുറി കൃഷ്ണപിള്ളയും, കോട്ടാങ്ങൽ കരയിൽ പുളിക്കൽ കൊട്ടാരത്തിൽ സുരേഷ് കുമാറുമാണ് ചൂട്ടുവലത്തിന് ശേഷം ചൂട്ടുവെച്ചത്. കരക്കാരുടെ സാന്നിദ്ധ്യത്തിൽ കരനാഥൻമാർ ചൂട്ടുകറ്റയിലേക്ക് അഗ്‌നിയെ ആവാഹിച്ചാണ് പടയണിക്ക് തുടക്കം കുറിച്ചത്. ജനുവരി 14ന് ക്ഷേത്രത്തിൽ എട്ടു പടയണിക്കു ചൂട്ടുവെയ്ക്കും. 8 പടയണി ചൂട്ടുവെപ്പോടെ ക്ഷേത്രത്തിൽ പടയണിക്കാലം ആരംഭിക്കും. പടയണിയുടെ സുഗമമായ നടത്തിപ്പിനും, ഏകോപനത്തിനുമായി ആർ.ഡി.ഒ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരുവാൻ കളക്ടർ നിർദ്ദേശം നൽകി. വിവിധ ഡിപ്പാർട്‌മെന്റുകൾ, കുളത്തൂർ, കോട്ടാങ്ങൽ പടയണി കമ്മിറ്റി ഭാരവാഹികൾ,ക്ഷേത്രം ഭാരവാഹികൾ, ജനപ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും.കൊവിഡ് പ്രോട്ടോകോൾ പാലിച്ച് നിയന്ത്രണങ്ങളോടെയാണ് ഇക്കുറി പടയണി ചടങ്ങുകൾ നടക്കുന്നതെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.