 
കോന്നി: കിടത്തിച്ചികിത്സ ആരംഭിക്കാൻ ഒരുക്കേണ്ട ക്രമീകരണങ്ങൾ പരിശോധിക്കാൻ കേരളാ മെഡിക്കൽ സർവ്വീസസ് കോർപ്പറേഷൻ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം കോന്നി ഗവ.മെഡിക്കൽ കോളേജിൽ സന്ദർശനം നടത്തി. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയോടൊപ്പമാണ് ഡയറക്ടർ ഡോ. എസ്.ആർ.ദിലീപ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം എത്തിയത്.
ഫെബ്രുവരിയിൽ കിടത്തിച്ചികിത്സ ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങളാണ് നടത്തുന്നത്. മെഡിക്കൽ കോളേജിലെ 10 വാർഡുകളും സംഘം സന്ദർശിച്ചു.രണ്ട് വാർഡുകൾ സജ്ജീകരിക്കുന്നതിനാവശ്യമായ കിടക്കകളും എല്ലാ അനുബന്ധ ഉപകരണങ്ങളും ജനുവരി 15നു മുമ്പ് മെഡിക്കൽ കോളേജിൽ എത്തിക്കുമെന്ന് ഡയറക്ടർ അറിയിച്ചു. അതോടൊപ്പം ഐ.സി.യു കിടക്കകളും, അനുബന്ധ ഉപകരണങ്ങളും എത്തിക്കും.ഓപ്പറേഷൻ തിയറ്ററും സജ്ജമാക്കും. കാഷ്വാലിറ്റിയുടെ പ്രവർത്തനവും ആരംഭിക്കും.
എക്‌സറേ മെഷീൻ സ്ഥാപിക്കുന്നതിനുള്ള സംഘം ഈ മാസം മെഡിക്കൽ കോളേജിൽ എത്തും. അൾട്രാസൗണ്ട് സ്‌കാനറും, ലാബിലേക്ക് പൂർണ്ണമായും ഓട്ടോമാറ്റിക്ക് സൗകര്യത്തിൽ പ്രവർത്തിക്കുന്ന അനലൈസറും മെഡിക്കൽ സർവ്വീസസ് കോർപ്പറേഷൻ ഉടൻ എത്തിക്കും. കോർപ്പറേഷൻ ചുമതലയിൽ കാരുണ്യാ മെഡിക്കൽ സ്റ്റോർ ഉടൻ പ്രവർത്തനം ആരംഭിക്കും. ഒ.പി, ഐ.പി രോഗികൾക്ക് സൗകര്യപ്രദമായ നിലയിൽ മെഡിക്കൽ കോളേജിനുള്ളിൽ തന്നെ ഫാർമസി പ്രവർത്തനമാരംഭിക്കും.
കെ.യു. ജനീഷ് കുമാർ (എം.എൽ.എ)
കിടത്തിച്ചികിത്സ ആരംഭിക്കുന്നതിനുള്ള മുന്നൊരുക്കമാണ് ഇപ്പോൾ നടക്കുന്നത്. ഇതിനായി വിവിധ വകുപ്പുകളെ പങ്കെടുപ്പിച്ച് ജനുവരി ആദ്യആഴ്ചയിൽ ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരും.