kg-simon

പത്തനംതിട്ട: കൂടത്തായി കൂട്ടക്കൊലയുടെ ചുരുളഴിച്ച 'കൂടത്തായി സൈമൺ" എന്ന് വിളിപ്പേര് ലഭിച്ച എസ്.പി കെ.ജി. സൈമൺ 31ന് വിരമിക്കും. അന്വേഷണ മികവിന് നിരവധി പുരസ്കാരങ്ങൾ നേടിയ സൈമൺ പത്തനംതിട്ട പൊലീസ് ചീഫ് സ്ഥാനത്ത് നിന്നാണ് പടിയിറങ്ങുന്നത്. 1984ൽ സബ് ഇൻസ്‌പെക്ടറയാണ് പൊലീസിൽ ചേർന്നത്.

മിഥുലമോഹൻ കൊലപാതകം, കൂടത്തായി തുടങ്ങി പ്രതികളെ തിരിച്ചറിയാതിരുന്ന 52 കേസുകളിൽ സൈമൺ തുമ്പുണ്ടാക്കി. കൂടത്തായി കേസിൽ ശാസ്ത്രീയവും ആസൂത്രിതവുമായ അന്വേഷണത്തിലൂടെ പ്രതി ജോളിയെ കണ്ടുപിടിച്ചതിന് ആദ്യത്തെ മെറിറ്റോറിയസ് സർവീസ് എൻട്രി ലഭിച്ചു.

ഇൗ വർഷം ഫെബ്രുവരിയിലാണ് പത്തനംതിട്ടയിലെത്തിയത്. തുടർന്ന് കൊടുമണ്ണിൽ സ്കൂൾ വിദ്യാർത്ഥി കൊല്ലപ്പെട്ട കേസിൽ പ്രതികളായ സഹപാഠികളെ വേഗത്തിൽ പിടികൂടി. പോപ്പുലർ ഫിനാൻസ് തട്ടിപ്പുകേസിൽ മുഴുവൻ പ്രതികളെയും നിയമത്തിനു മുന്നിലെത്തിച്ച് തെളിവുകൾ ശേഖരിച്ചു. കൊവിഡ് രോഗിയെ ആറൻമുളയിൽ ആംബുലൻസിൽ പീഡിപ്പിച്ച പ്രതിയെ ഉടൻ പിടികൂടി. കുമ്പഴയിൽ 92 കാരിയുടെ കഴുത്തറത്ത് കൊന്ന പ്രതിയെ അറസ്റ്റ് ചെയ്തു. കോളേജ് വിദ്യാർത്ഥിനി ജസ്ന മരിയം ജോസിന്റെ തിരോധനത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ മേൽനോട്ടം വഹിക്കുകയായിരുന്നു സൈമൺ.
വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ, മികച്ച കേസ് അന്വേഷകനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പുരസ്‌കാരം, ബാഡ്ജ് ഒഫ് ഓണറുകൾ, സ്തുത്യർഹ സേവനത്തിനുള്ള സർട്ടിഫിക്കറ്റുകൾ, സംസ്ഥാന പൊലീസ് മേധാവിയുടെ വിവിധ കമന്റേഷനുകൾ, ദേശീയ നാർക്കോട്ടിക് കൺട്രോൾ ബോർഡ് അവാർഡ്, സംസ്ഥാന സർക്കാരിന്റെ പ്രശംസ പത്രങ്ങൾ, കാഷ് അവാർഡുകൾ തുടങ്ങി ഇരുന്നൂറിൽപരം പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

'ഏല്പിക്കപ്പെട്ട ജോലികൾ സത്യസന്ധമായും കൃത്യതയോടെയും സാമൂഹ്യ പ്രതിബദ്ധതയോടെയും ചെയ്യാൻ കഴിഞ്ഞെന്നാണ് വിശ്വാസം. മാതാപിതാക്കളിൽ നിന്ന് പകർന്നു കിട്ടിയ മികച്ച മാതൃകകൾ ഉത്സാഹമേകി. മേലുദ്യോഗസ്ഥർ അന്വേഷണത്തിൽ ഒപ്പംനിന്നു. ചർച്ച ചെയ്തും പരസ്പരം മനസിലാക്കിയും പ്രവർത്തിച്ച സഹപ്രവർത്തകർക്ക് നന്ദി. ഞാൻ അന്വേഷിച്ചു കുറ്റപത്രം സമർപ്പിച്ചിട്ടുള്ള കേസുകളുടെ വിചാരണ തുടങ്ങാൻ പോകുന്നതേയുള്ളൂ. സത്യം വിജയിക്കുക തന്നെ ചെയ്യും".

- കെ.ജി. സൈമൺ