 
ശബരിമല : കൊവിഡ് പശ്ചാത്തലത്തിലാണ് ഇത്തവണത്തെ മണ്ഡലകാലം പൂർത്തിയാക്കിയതെന്ന പ്രത്യേകതയുമുണ്ട്. കൊവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി തീർത്ഥാടകരുടെ എണ്ണം തുടക്കത്തിൽ ആയിരമെന്ന നിലയിൽ പരിമിതപ്പെടുത്തിയിരുന്നു. പിന്നീട് ബന്ധപ്പെട്ട കമ്മിറ്റികളുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ രണ്ടായിരമായും തുടർന്ന് മൂവായിരമായും ഭക്തരുടെ എണ്ണം വർദ്ധിപ്പിച്ചു. മണ്ഡല പൂജയ്ക്കും മകരവിളക്കിനും അയ്യായിരവുമാക്കി. കൊവിഡ് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ച ശേഷം മാത്രമാണ് നിലക്കലിൽ നിന്ന് ഭക്തരെ പമ്പയിലേക്കും തുടർന്ന് സന്നിധാനത്തേക്കും പ്രവേശിപ്പിച്ചത്. ഇതിനായി നിലക്കലിൽ ലാബ് ഉൾപ്പെടെയുള്ള സൗകര്യങ്ങളൊരുക്കിയിരുന്നു. ഇതിന് പുറമേ വലിയനടപ്പന്തൽ മുതൽ ഭക്തരെ തെർമൽ സ്കാനർ ഉപയോഗിച്ച് പരിശോധിച്ച ശേഷമാണ് പതിനെട്ടാംപടി കയറ്റിയത്. സാമൂഹ്യ അകലം പാലിച്ചായിരുന്നു ദർശന ക്യൂ. ഇതിനായി വലിയനടപ്പന്തൽ മുതൽ സോപാനം വരെയും മാളികപ്പുറത്തുൾപ്പെടെയും ഭക്തർക്ക് നിൽക്കാനുള്ള സ്ഥലങ്ങൾ അടയാളപ്പെടുത്തിയിരുന്നു. വിവിധയിടങ്ങളിൽ സാനിട്ടൈസറും ലഭ്യമാക്കിയിരുന്നു. ഇതിന് പുറമേ ഭക്തരെത്തുന്ന സ്ഥലങ്ങളെല്ലാം തന്നെ കൃത്യമായ ഇടവേളകളിൽ അണുനശീകരണം നടത്തുകയും ചെയ്തു.
കൊവിഡ് മുൻ കരുതലെടുത്ത ശേഷമാണ് എല്ലാ വിഭാഗം ജീവനക്കാരെയും ജോലിയിൽ പ്രവേശിക്കാൻ അനുവദിച്ചത്. സമ്പർക്കമൊഴിവാക്കാനായി ജിവനക്കാർക്കും ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ജീവനക്കാരിലെ കൊവിഡ് ബാധ കണ്ടെത്തുന്നതിനായി സന്നിധാനത്ത് രണ്ട് പ്രാവശ്യം ആന്റിജൻ പരിശോധനാ ക്യാമ്പും സംഘടിപ്പിച്ചു. സന്നിധാനത്ത് വച്ച് രോഗബാധ സ്ഥിരീകരിച്ചവരെ സി.എഫ്.എൽ.റ്റിസികളിലേക്ക് നീക്കുന്നതിനായി പ്രത്യേകം സജ്ജീകരിച്ച ആംബുലൻസും ഏർപ്പെടുത്തിയിരുന്നു.
തീർത്ഥാടകർക്കും സന്നിധാനത്ത് സേവനമനുഷ്ടിച്ച ഏതാനും ജീവനക്കാർക്കും കൊവിഡ് ബാധിച്ചെങ്കിലും ആശങ്കകളില്ലാതെ മണ്ഡലകാലം പൂർത്തിയായെന്നാണ് ദേവസ്വം ബാർഡിന്റെ വിലയിരുത്തൽ. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഭക്തരുടെ എണ്ണത്തിലും വരുമാനത്തിലും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സാരമായ കുറവാണ് രേഖപ്പെടുത്തയത്.
സ്വാമി പ്രസാദം വീടുകളിലെത്തി
സന്ദർശനത്തിനെത്താൻ കഴിയാത്ത ഭക്തർക്കായി ശബരിമല സ്വാമി പ്രസാദം തപാൽ മുഖേന ഭക്തരുടെ വീടുകളിലെത്തിച്ച് നൽകുന്ന പദ്ധതിയും നടപ്പാക്കിയിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഭാരതീയ തപാൽ വകുപ്പുമായി ചേർന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് തപാൽ വഴി പ്രസാദ വിതരണം ആരംഭിച്ചത്. അരവണ, നെയ്യ്, കുങ്കുമം, മഞ്ഞൾ, വിഭൂതി, അർച്ചന പ്രസാദം എന്നിവ ഉൾപ്പെടുന്ന പ്രസാദ കിറ്റാണ് ഇത്തരത്തിൽ രാജ്യമെമ്പാടുമുള്ള ഭക്തർക്ക് ലഭ്യമാക്കിയത്.
കർശന പരിശോധന
ഇനി മുതൽ ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തിയവരെ മാത്രം ശബരിമലയിൽ പ്രവേശിപ്പിച്ചാൽ മതിയെന്നാണ് ഹൈക്കോടതിയുടേയും സർക്കാരിന്റെയും നിർദേശം. എന്നാൽ, ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തി റിപ്പോർട്ട് കിട്ടാനുള്ള കാലതാമസവും ചെലവും പരിഗണിച്ച് ആർ.ടി.പി.സി.ആർ ടെസ്റ്റിന് പുറമേ ആർ.ടി ലാമ്പ് ടെസ്റ്റ്, എക്സ്പ്രസ് നാറ്റ് എന്നീ രണ്ട് ടെസ്റ്റുകളിലേതെങ്കിലും നടത്തി നെഗറ്റീവാകുന്നവരെയും സന്നിധാനത്തേക്ക് പ്രവേശിപ്പിക്കാൻ തീരുമാനമായിട്ടുണ്ട്.