തണ്ണിത്തോട്: മലയോര ഗ്രാമങ്ങളിൽ ബ്ലാമൂട്ടയുടെ ശല്യം വ്യാപകമാകുന്നു. കാട്ടുപന്നികളിൽ നിന്ന് വരുന്ന മൂട്ടകളാണിതെന്നാണ് കരുതുന്നത്. ഇത് കടിച്ചാൽ മൂന്ന് ദിവസം കഴിയുമ്പോഴാണറിയുന്നത്. കടിയേറ്റാലും, ശരീരത്തിൽ പറ്റിപ്പിടിച്ചിരുന്നാലും അറിയില്ല. പിന്നീട് വേദനയുണ്ടാകുമ്പോഴാണ് പലരും ശ്രദ്ധിക്കുന്നത്. ഇതിനെ ശരീരത്തിൽ നിന്ന് പറിച്ചു മാറ്റിയാലും വേദന അനുഭവിക്കേണ്ടിവരും. കൊച്ചു കുട്ടികൾക്ക് ശരീര വേദനയും പനിയും ഉണ്ടാകുന്നു. തൊലിപ്പുറത്ത് കടിച്ചിരിക്കുന്ന മൂട്ടയെ പറിച്ചു കളയാൻ ബുദ്ധിമുട്ടാണ്. പിടിച്ചു വലിക്കും തോറും പിടിമുറുക്കുന്നതോടെ അസഹനീയമായ വേദന അനുഭവപ്പെടും. മണ്ണെണ്ണ ഒഴിച്ചാണ് പലരും ഇതിന്റെ പിടിവിടിക്കുന്നത്.കഴിഞ്ഞ വർഷവും ഇതേ സമയം ഇവയുടെ ശല്യം രൂക്ഷമായിരുന്നു. വനത്തോട് ചേർന്ന പ്രദേശങ്ങളിലും റബർ തോട്ടങ്ങളുള്ള പ്രദേശങ്ങളിലുമാണ് ബ്ലാമൂട്ടകളുടെ ശല്യം കൂടുതലായുള്ളത്. കാർഷീക വിളകൾ നശിപ്പിക്കുന്ന കാട്ടുപന്നികളിൽ നിന്ന് കൃഷിയിടങ്ങളിൽ കൊഴിഞ്ഞ് വീഴുന്ന മൂട്ടകളാണ് മനുഷ്യ ശരീരത്തിലെത്തുന്നത്. കാട്ടുപന്നികളുടെ ശരീരത്തിൽ നിന്നും കൊഴിഞ്ഞ് വീഴുന്നമൂട്ട രോഗം പരത്തുമോ എന്ന ആശങ്കയിലാണ് കർഷകർ.

രോഗം പകർത്തുന്നത് കാട്ടുപന്നികൾ

- കടിയേറ്റാൽ അറിയുന്നത് മൂന്ന് ദിവസം കഴിഞ്ഞ്