 
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പുതിയ ജനപ്രതിനിധികളായി. കാലത്തിന്റെ മാറ്റത്തിന് അനുസൃതമായി പഞ്ചായത്തുകളുടെ പ്രവർത്തന രീതിയിലും മാറ്റമുണ്ടാകേണ്ടേ..? വികസന വിഷയങ്ങളും സങ്കൽപ്പങ്ങളും മാറേണ്ട സമയമായോ? ഇതേപ്പറ്റി പ്രമുഖർ സംസാരിക്കുന്നു?
ഡോ.ആർ.വിജയമോഹനൻ
(റിട്ട. ഡയറ്റ് പ്രിൻസിപ്പൽ ആൻഡ് ജില്ലാ പ്രോജക്ട് ഓഫീസർ, എസ്.എസ്.കെ, പത്തനംതിട്ട, വിദ്യാഭ്യാസ പ്രവർത്തകൻ)
ജനങ്ങളുടെ പ്രശ്‌നങ്ങളെയും ആവശ്യങ്ങളെയും എങ്ങനെ സമീപിക്കുന്നു എന്നതും അവയ്ക്ക് എങ്ങനെ സ്ഥായിയായ പരിഹാരം കാണാൻ കഴിയുന്നു എന്നതും ഒരു പ്രദേശത്തിന്റെ വികസനത്തെ നിർണയിക്കുന്ന പ്രധാന സംഗതികളാണ്. വികസന പ്രക്രിയയിൽ കുട്ടികൾ, യുവാക്കൾ, വയോധികർ, സ്ത്രീകൾ, ഭിന്നശേഷിക്കാർ, സാമൂഹ്യസാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ളവർ തുടങ്ങി എല്ലാ വിഭാഗം ജനങ്ങളെയും കണ്ടുകൊണ്ട് വേണം പ്രാദേശിക വികസന പദ്ധതികൾ തയ്യാറാക്കാൻ. പ്രാദേശിക സർക്കാരിനെയും ജനപ്രതിനിധികളെയും ഏത് അവസരങ്ങളിലും സമീപിക്കാമെന്നും ആവശ്യങ്ങളും അഭിപ്രായങ്ങളും വേണ്ട വിധം പരിഗണിക്കുന്നുവെന്നും സമൂഹത്തിനു തോന്നുമ്പോൾ മാത്രമാണ് അതൊരു ജനസൗഹൃദ പഞ്ചായത്തായി മാറുന്നത്.
നിരന്തര പഠിതാവായ ജനപ്രതിനിധി
ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ടവരിൽ ഭൂരിഭാഗം പേരും പുതുമുഖങ്ങളാണ്. എന്തു ചെയ്യണമെന്ന് അറിയാതെ അന്ധാളിച്ചു നിൽക്കുന്നവർ!, തന്റെ പ്രവർത്തന മേഖല അവർ ആദ്യം പരിചയപ്പെടണം. മുമ്പു നടന്ന പ്രവർത്തനങ്ങളെപ്പറ്റി അന്വേഷിച്ച് ബോധ്യപ്പെടണം. കൂടാതെ, ഇപ്പോഴത്തെ സ്ഥിതിയും മനസ്സിലാക്കണം. ഇത്തരമൊരു പഠനത്തിന്റെ വെളിച്ചത്തിലാകണം തന്റെ പ്രദേശത്തെ ഭാവി പ്രവർത്തന പരിപാടികൾ ചിട്ടപ്പെടുത്തേണ്ടത്. വിവിധ പ്രദേശങ്ങളിൽ നടന്നിട്ടുള്ളതും നടന്നു കൊണ്ടിരിക്കുന്നതുമായ മികച്ച മാതൃകകളെപ്പറ്റിയും ജനപ്രതിനിധികൾ തുടർച്ചയായി അന്വേഷിക്കുകയും പഠിക്കുകയും വേണം. ഇങ്ങനെ നിരന്തരം പഠിക്കുന്ന ഒരു വ്യക്തിയാകണം ജനപ്രതിനിധി.
ഗണപരം, ഗുണപരം, സുതാര്യം
പ്രദേശത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് പദ്ധതികൾ രൂപീകരിക്കുമ്പോൾ ആരോഗ്യം, വിദ്യാഭ്യാസം, ദാരിദ്ര്യ നിർമ്മാർജ്ജനം എന്നിവയ്ക്കു തന്നെയാകണം പ്രധാന്യം. പരിസ്ഥിതി സംരക്ഷണ ദുരന്തനിവാരണ പ്രവർത്തനങ്ങളും പ്രസക്തമാണ്. ഏറ്റെടുക്കുന്ന പദ്ധതികളുടെ എണ്ണം പോലെ പ്രസക്തമാണ് അതിന്റെ ഗുണമേന്മയും. മികച്ച സേവനങ്ങളും ഉപ്പന്നങ്ങളും ലഭ്യമാകുന്നുവെന്ന് ഉറപ്പു വരുത്തണം. സുതാര്യത പദ്ധതികളുടെ മുഖമുദ്രയായി മാറണം. ഓരോ പ്രവർത്തനത്തിനുമായി നീക്കിവച്ചിട്ടുള്ള തുക പൂർണമായും കാര്യക്ഷമമായും സമയബന്ധിതമായും വിനിയോഗിക്കാൻ കഴിയണം.
ഈ വർഷത്തെ പദ്ധതി കാലയളവ് അവസാനിക്കുന്നതിനു മുമ്പുള്ള 3 മാസക്കാലം വിവിധ രംഗങ്ങളിലുണ്ടായ കൊവിഡ് ബാധിത പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായിരിക്കണം പ്രാമുഖ്യം.
വൈദഗ്ധ്യങ്ങളെ പ്രയോജനപ്പെടുത്തൽ
ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിൽ കാര്യക്ഷമമായി ഇടപെടാനും സംഭാവന നൽകാനും കഴിയുന്ന നിരവധി വിദഗ്ദ്ധർ പ്രദേശത്തുണ്ടാകും. ഇവരുടെയും റസിഡന്റ്‌സ് അസോസിയേഷനുകൾ, കലാസാംസ്‌കാരിക സംഘടനകൾ, അയൽക്കൂട്ടങ്ങൾ തുടങ്ങിയ കൂട്ടായ്മകളുടെയും വൈഭവവും ശക്തിയും പ്രയോജനപ്പെടുത്തി നിരവധി പദ്ധതികൾ പ്രാദേശിക സർക്കാരുകൾക്ക് നടപ്പിലാക്കാവുന്നതാണ്.
മികവുകളെ പ്രോത്സാഹിപ്പിക്കൽ
വ്യക്തികൾ, സംഘടനകൾ, സർക്കാർ വകുപ്പുകൾ എന്നിവ നടത്തുന്ന തനിമയാർന്നതും മികച്ചതുമായ പ്രവർത്തനങ്ങൾ തിരിച്ചറിയുകയും പ്രോത്സാഹിപ്പിക്കുകയും അവ വ്യാപിപ്പിക്കുകയും വേണം. വിദ്യാർത്ഥികളെയും വ്യക്തികളെയും സവിശേഷ അഭിരുചികളെയും കഴിവുകളെയും പരിപോഷിപ്പിക്കാനുള്ള പദ്ധതികൾക്കും രൂപം നൽകാം.