 
മല്ലപ്പള്ളി: ടൗണിൽ പ്രവർത്തിക്കുന്ന രതീഷ് മോട്ടോർ വർക്ക്‌സ് കാർ വർക് ഷോപ്പിൽ പണിക്കെത്തിച്ച് യാർഡിൽ സൂക്ഷിച്ചിരുന്ന മാരുതി 800 കാർ മോഷ്ടിച്ച രണ്ട് പ്രതികളെ പൊലീസ് പിടികൂടി. സ്ഥിരം കുറ്റവാളികളായ കഴക്കൂട്ടത്ത് വാടകയ്ക്ക് താമസിക്കുന്ന നെടുമങ്ങാട് മഞ്ച പത്താംകല്ല് ശിവദീപം വീട്ടിൽ ശിവകുമാർ (19), ധനുവച്ചപുരം കൊറ്റാമം ഷാഹിന മൻസിലിൽ ഹാഷിദ് (18) എന്നിവരാണ് പിടിയിലായത്. ഇവരുടെ കൂട്ടുപ്രതിയായ കൊല്ലം സ്വദേശി ഷാൻ എന്നയാളിനായി പൊലീസ് അന്വേഷണം ഊർജ്ജിതപെടുത്തി. 24നാണ് സംഭവം. വർക്ക് ഷോപ്പിൽ നിന്നും മൂവരും ചേർന്ന് കടത്തിയ കാർ തിരുവനന്തപുരം മാറനല്ലൂരിൽ വാഹന പരിശോധനക്കിടെ പിടിയിലായത്. തിരുവല്ല ഡി.വൈ.എസ്.പി.ടി രാജപ്പന്റെ നിർദ്ദേശപ്രകാരം കീഴ്വായ്പ്പൂര് സി.ഐ സി.ടി. സഞ്ജയുടെ നേതൃത്വത്തിൽ പ്രതികളെയും വാഹനവും മാറനല്ലൂരിൽ നിന്നും കസ്റ്റഡിയിലെടുത്തു. ശിവകുമാർ നിരവധി വാഹനമോഷണം, പിടിച്ചുപറി കേസുകളിൽ പ്രതിയാണ്. എസ്.ഐ മധു, എ.എസ്.ഐമാരായ ശിവപ്രസാദ്, അജു എന്നിവരുടെ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.