yogam
എസ്.എൻ.ഡി.പി. യോഗം ഇരവിപേരൂർ ശാഖായോഗത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പ്രതിഷേധയോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ. പത്മകുമാർ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: അച്ചൂസ് ഗ്രൂപ്പിന്റെ വള്ളംകുളത്തെ ലൈറ്റ് ഹൗസിന് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. ചില്ലുകളും മറ്റും എറിഞ്ഞുടച്ചു. എസ്.എൻ.ഡി.പി യോഗം തിരുവല്ല യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂരിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. വ്യാഴാഴ്ച പാതിരാത്രിയാണ് സംഭവം. തിരുവല്ല ഭാഗത്ത് നിന്ന് ഇരുചക്ര വാഹനത്തിലെത്തിയ രണ്ടംഗ സംഘം കല്ലെറിയുകയായിരുന്നു. സ്ഥാപനത്തിന്റെ മുന്നിലെ വലിയ പാളി ചില്ലും അകത്തുണ്ടായിരുന്ന അലങ്കാര വിളക്കുകളും തകർന്നു. സമീപത്തെ കാമറയിൽ പ്രതികളുടെ ദൃശ്യങ്ങൾ തെളിഞ്ഞിട്ടുണ്ട്. ഇതിനുശേഷം അക്രമികൾ വള്ളംകുളം ഭാഗത്തേക്ക് പോകുന്നതുവരെ ദൃശ്യങ്ങളിൽ കാണാം. വിരലടയാള വിദഗ്ദരും ഡോഗ് സ്‌ക്വഡും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതികളുടെ ദൃശ്യങ്ങളിൽ കൂടുതൽ വ്യക്തതയ്ക്കായി റോഡരികിലെ മറ്റ് കാമറകളും പരിശോധിക്കുമെന്ന് ഡിവൈ.എസ്.പി ടി. രാജപ്പൻ പറഞ്ഞു.

എസ്.എൻ.ഡി.പി യോഗം പ്രതിഷേധിച്ചു

തിരുവല്ല: എസ്.എൻ.ഡി.പി. യോഗം തിരുവല്ല യൂണിയൻ പ്രസിഡന്റും വ്യവസായിയുമായ കെ.എ. ബിജു ഇരവിപേരൂരിന്റെ സ്ഥാപനത്തിന് നേരെ നടന്ന അക്രമത്തിൽ പ്രതിഷേധിച്ച് ഇരവിപേരൂർ ശാഖായോഗത്തിന്റെ ആഭിമുഖ്യത്തിൽ പ്രകടനവും യോഗവും നടത്തി. തിരുവല്ല യൂണിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ അദ്ധ്യക്ഷത വഹിച്ചു. പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ. പദ്മകുമാർ ഉദ്ഘാടനം ചെയ്തു. പന്തളം യൂണിയൻ പ്രസിഡന്റ് അഡ്വ. സിനിൽ മുണ്ടപ്പള്ളി മുഖ്യ പ്രഭാഷണം നടത്തി. യോഗം ഡയറക്ടർ ബോർഡ് അംഗം സന്തോഷ് ഐക്കരപ്പറമ്പിൽ, യൂണിയൻ പഞ്ചായത്തു കമ്മറ്റിയംഗങ്ങളായ കെ. കെ. രവി, കെ.എൻ. രവീന്ദ്രൻ, അനിൽ ചക്രപാണി, വനിതാസംഘം യൂണിയൻ കൺവീനർ സുധാഭായ്, യൂത്ത്മൂവ്‌മെന്റ് കൺവീനർ രാജേഷ് ശശിധരൻ, ധർമ്മസേന കൺവീനർ രാജേഷ്‌ മേപ്രാൽ, കുമാരി സംഘം കോർഡിനേറ്റർ ഷൈമോൾ കെ.സോമൻ, ബാലജനയോഗം കോർഡിനേറ്റർ വിശ്വനാഥൻ ഓതറ, മുൻ യൂണിയൻ കൗൺസിലർ വിജയമ്മ ഭാസ്‌കരൻ, ഇരവിപേരൂർ ശാഖായോഗം ചെയർമാൻ സുബാഷ്, കൺവീനർ സുധീഷ് എന്നിവർ പ്രസംഗിച്ചു. വിവിധ ശാഖായോഗം ഭാരവാഹികളും പ്രതിഷേധ യോഗത്തിൽ പങ്കെടുത്തു.