 
ചെങ്ങന്നൂർ :എസ്.എസ്.എൽ.സി ,പ്ലസ് ടൂ വിദ്യാർഥികൾക്കുവേണ്ടി പുതു വർഷത്തിൽ വിദ്യാലയങ്ങൾ തുറക്കുമെന്ന സർക്കാർ നിർദേശത്തെ തുടർന്ന് നാട്ടിലെങ്ങുമുള്ള സ്‌കൂളുകൾ മുഖം മിനുക്കി ,കുട്ടികളെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുമ്പോഴും ചെങ്ങന്നൂർ നഗര മദ്ധ്യത്തിലെ സർക്കാർ സ്‌കൂളുകളായ ബോയ്സ് ഹൈസ്‌കൂളിനും, ഗേൾസ് ഹൈസ്‌കൂളിനും മേൽപ്പറഞ്ഞ ഉത്തരവ് ബാധകമല്ലെന്ന മട്ടിലാണ് അധികൃതർ. സർക്കാർ പ്രഖ്യാപിച്ച തീയതിയിൽ സ്‌കൂൾ തുറന്നാൽ, വിദ്യാർത്ഥികളെ എവിടെ ഇരുത്തി പഠിപ്പിക്കുമെന്ന ആശങ്കയിലാണ് ഇരു വിദ്യാലയങ്ങളിലെയും അദ്ധ്യാപരും രക്ഷിതാക്കളും.
കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു
2017 നവംബറിൽ ശതാബ്ദി ആഘോഷിച്ച ചെങ്ങന്നൂരിലെ ആദ്യ ഗേൾസ് സ്കൂൾ കാലപ്പഴക്കത്താൽ ജീർണിച്ച് മേൽക്കൂര തകർന്ന നിലയിലാണ്. അടുത്ത കാലത്തായി ആരംഭിച്ച വി.എച്ച്.എസ്.സി വിഭാഗത്തിന്റെ രണ്ട് ബാച്ചുകൾ പ്രവർത്തിക്കുന്ന ഒറ്റ നില വാർക്ക കെട്ടിടം ഒഴിച്ചാൽ ,ഗേൾസ് സ്‌കൂളിന്റെ അഞ്ചു മുതൽ പത്താംതരം വരെയുള്ളവരുടെ പഠനമുറികളും വിവിധ ഓഫീസുകളും പ്രവർത്തിക്കുന്നത് അപകടനിലയിലുള്ള മേൽക്കൂരയ്ക്ക് താഴെയാണ്.1818ൽ തിരുവിതാംകൂർ ദിവാൻ സർ.സി.പി.രാമസ്വാമി അയ്യരുടെ കാലത്ത് സ്ഥാപിച്ചതാണ് സ്‌കൂൾ കെട്ടിടങ്ങൾ. അവയിൽ നല്ലൊരു ഭാഗവുംനേരത്തെ വിവിധ ഘട്ടങ്ങളിലായി നിലംപൊത്തിയിരുന്നു. അവശേഷിച്ച കെട്ടമാണ് ഇപ്പോൾ ഭീഷണി ഉയർത്തുന്നത്. വിദ്യാർത്ഥികളിൽ പത്താംതരക്കാരും വി.എച്ച്.എസ്.സി ബാച്ചുമുണ്ട്. ഇവരുടെ പൊതു പരീക്ഷ ഉദ്ദേശിച്ചാണ് പുതുവർഷത്തിൽ സ്‌കൂൾ തുറക്കുന്നത്.അതിനാൽ ഇനി ഭയം കൂടാതെ ഇരുന്നു പഠിക്കാനുള്ള കെട്ടിടംവേണം. കൂടാതെ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനുള്ള ശൗച്യാലയങ്ങളും പുതുതായിവേണം. നിലവിലുള്ളത് ഉപയോഗയോഗ്യമുള്ളതല്ല. സ്‌കൂൾ വളപ്പിൽ രണ്ട് കിണറുകൾ ഉണ്ടെങ്കിലും ശുചീകരിച്ചവയല്ല. മാലിന്യം നിറഞ്ഞു കിടക്കുകയാണ്. വേനൽ കടുത്താൽ കുടിവെള്ള ക്ഷാമംനേരിടുന്ന ഭാഗമാണിത്. നിലവിൽ മൂന്ന് സ്‌കൂളുകൾക്കുള്ള ശുദ്ധജലസ്രോതസ് ഈ കിണറുകളാണ്. പാചകപ്പുരയും കൈകഴുകാനുള്ള സംവിധാനവും പുതുതായി വേണം. മുൻ വർഷങ്ങളിൽ കൊവിഡ് പശ്ചാത്തലത്തിൽ പരിസര ശുചീകരണവും ക്ലാസ് മുറികൾ അണുവിമുക്തമാക്കണമെന്നുണ്ട്. എന്നാൽ ഇതിനുള്ള നടപടികളും ആരംഭിച്ചിട്ടില്ല.