തിരുവല്ല: തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ തുടർന്ന് നിരണത്ത് വീട്ടമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രധാന പ്രതി അടക്കമുള്ളവരെ പിടികൂടാത്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ബി.ജെ.പിയുടെ നേതൃത്വത്തിൽ നാളെ മുതൽ പുളിക്കീഴ് പൊലീസ് സ്റ്റേഷന് മുമ്പിൽ റിലേ സത്യാഗ്രഹം ആരംഭിക്കുന്നു. നിരണം ആറാം വാർഡിലെ ബി.ജെ.പി സ്ഥാനാർത്ഥിയുടെ മാതാവായ സരസമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിലെ പ്രധാന പ്രതിയായ വാർഡ് മെമ്പർ ബിനീഷ് കുമാർ അടക്കമുള്ള പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ചാണ് സത്യാഗ്രഹം സംഘടിപ്പിക്കുന്നത്. മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ നാളെ രാവിലെ 10ന് ആരംഭിക്കുന്ന സത്യാഗ്രഹം ജില്ലാ പ്രസിഡന്റ് മീനു എം നായർ ഉദ്ഘാടനം ചെയ്യും. വരും ദിവസങ്ങളിൽ വിവിധ പോഷക സംഘടനകളുടെ നേതൃത്വത്തിൽ സത്യാഗ്രഹം തുടരുമെന്ന് ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. ശ്യാം മണിപ്പുഴ അറിയിച്ചു.