തിരുവല്ല: പൊയ്കയിൽ ദിവ്യമാതാ ദേഹവിയോഗത്തിന്റെ 36-ാം വാർഷികം നാളെ മുതൽ ജനുവരി 4വരെ പ്രത്യക്ഷ രക്ഷാദൈവസഭ (പി.ആർ.ഡി.എസ്.) ആചരിക്കും. ഇതിന്റെ ഭാഗമായി ഉപവാസധ്യാനയോഗം, പ്രത്യേക പ്രാർത്ഥന, അനുസ്മരണ പ്രാർത്ഥന എന്നിവ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തും. കുളത്തൂർ ദിവ്യമാതാ മണ്ഡപത്തിൽ നിന്നും ജനുവരി 4ന് ശ്രീകുമാരഗുരുദേവ മണ്ഡപത്തിലേക്ക് നടത്താറുള്ള കുളത്തൂർ-പൊയ്ക തീർത്ഥാടന പദയാത്ര ഈവർഷം ഉണ്ടായിരിക്കുന്നതല്ല. കേരളത്തിനകത്തും പുറത്തുമുള്ള ശാഖകളിൽ ശാഖാഉപദേഷ്ടാവിന്റെ നേതൃത്വത്തിൽ 29 മുതൽ ആരംഭിക്കുന്ന ഉപവാസധ്യാന യോഗം 2021 ജനുവരി 4ന് ശാഖാ തലത്തിൽ സമാപിക്കും. കേന്ദ്രതലത്തിൽ പി.ആർ.ഡി.എ. ആസ്ഥാനമായ ഇരവിപേരൂർ ശ്രീകുമാർനഗറിലെ ദിവ്യമാതാ സന്നിധാനത്ത് ദേഹവിയോഗ ദിനമായ ജനുവരി 4ന് രാത്രി 11.55ന് സഭാ പ്രസിഡന്റ് വൈ.സദാശിവന്റെ കാർമികത്വത്തിൽ പ്രത്യേക പ്രാർത്ഥന നടത്തും. ശാഖകളിലൂം ഇതേ സമയത്ത് ശാഖാ ഉപദേഷ്ടാവിന്റെ കാർമികത്വത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രത്യേക പ്രാർത്ഥന നടത്തേണ്ടതാണെന്ന് സഭ വാർത്താക്കുറിപ്പിൽ അറിയിച്ചു.