vac

പത്തനംതിട്ട: ജില്ലയിൽ കൊവിഡ് വാക്സിനുകൾ അടുത്ത മാസം എത്തും. ആദ്യ ഘട്ടത്തിൽ 16,000 പേർക്ക് വാക്സിൻ നൽകും. ജനുവരി 19ന് രണ്ടാം ഘട്ടം പോളിയോ വാക്സിൻ കുത്തിവയ്പ്പ് കഴിഞ്ഞാലുടൻ കൊവിഡ് വാക്സിൻ വിതരണം ചെയ്തു തുടങ്ങും. വാക്സിനുകൾ സൂക്ഷിക്കാൻ കോഴഞ്ചേരിയിലും അടൂരിലും വലിയ രണ്ട് കൂളറുകൾ എത്തിയിട്ടുണ്ട്.

പൊതു, സ്വകാര്യ മേഖലകളിലെ ആരോഗ്യ പ്രവർത്തകർ, പൊലീസുകാർ, തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാർ എന്നിവർക്കാണ് ആദ്യഘട്ടത്തിൽ വാക്സിനുകൾ നൽകുന്നത്. ജൂൺ മാസത്തോടെ പൊതുജനങ്ങൾക്കും നൽകിത്തുടങ്ങും. സ്കൂളുകളും മൂന്ന് മുറികളുള്ള കെട്ടിടങ്ങളുമാണ് കൊവിഡ് വാക്സിൻ വിതരണ കേന്ദ്രങ്ങൾ. 2022ന് മുൻപ് എല്ലാവർക്കും വാക്സിൻ നൽകാനുള്ള പദ്ധതിയാണ് ആരോഗ്യ വകുപ്പ് ആസൂത്രണം ചെയ്യുന്നത്. കൊവിഡ് രോഗികൾക്കും രോഗികൾ അല്ലാത്തവർക്കും വാക്സിനുകൾ നൽകാനാണ് ഇപ്പോഴത്തെ നിർദേശം. പുതുക്കി വരുന്ന കൊവിഡ് മാനദണ്ഡങ്ങൾക്ക് അനുസരിച്ച് ഇതിൽ മാറ്റമുണ്ടായേക്കാം. വാക്സിനുകൾ പൂർണമായി സൗജന്യമായിരിക്കുമെന്ന് ജില്ലാ മെഡിക്കൽ ഒാഫീസർ ഡോ. എ.എൽ.ഷീജ പറഞ്ഞു.

തീർത്ഥാടനങ്ങളും കൺവെൻഷനുകളും നടക്കുന്ന ജില്ലയിൽ ആളുകൾ ഒരുമിച്ച് കൂടുന്ന ചടങ്ങുകൾ വരുന്ന മാസങ്ങളിലുണ്ടാകും. അതിനാൽ, കൊവിഡ് വാക്സിൻ ആദ്യ ഘട്ടത്തിൽ വിതരണം ചെയ്യുന്ന ജില്ലകളുടെ കൂട്ടത്തിൽ പത്തനംതിട്ടയും ഉൾപ്പെടും. ബ്രിട്ടൺ, ഒാസ്ട്രേലിയ, അമേരിക്ക, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് എത്തുന്നവരിൽ വലിയ വിഭാഗം പത്തനംതിട്ടക്കാരുണ്ട്. ഇവരിലെ കൊവിഡ് വാഹകരിൽ നിന്ന് ബന്ധുക്കളിലേക്കും നാട്ടുകാരിലേക്കും പകരാതിരിക്കാൻ അടിയന്തര പ്രതിരോധ പ്രവർത്തനം ആവശ്യമാണെന്ന് ആരോഗ്യ വകുപ്പ് കരുതുന്നു.

ബ്രിട്ടനിൽ നിന്നെത്തിയ 23പേർക്ക് കൊവിഡ്

തീവ്ര ജനിതകമാറ്റം സംഭവിച്ച കൊവിഡ് പടർന്നു പിടിക്കുന്ന ബ്രിട്ടനിൽ നിന്ന് കഴിഞ്ഞ ദിവസം ജില്ലയിൽ എത്തിയ 21 പേർക്ക് രോഗം സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങൾ പ്രകടമല്ലാത്ത ഇവർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ശേഷം ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണത്തിലുണ്ടായ വർദ്ധന തുടരുമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നത്.

'' കൊവിഡ് വാക്സിൻ വിതരണത്തിന് ജില്ല സജ്ജമാണ്. സ്കൂളുകളിലും കുറഞ്ഞത് 3 മുറികളുളള കെട്ടിടങ്ങളിലും വച്ചാണ് വാക്സിൻ നൽകുന്നത്. വാക്സിൻ എടുക്കാൻ എത്തുന്നവർക്കുള്ള വിശ്രമമുറി, വാക്സിൻ നൽകുന്ന മുറി, വാക്സിന് ശേഷം നിരീക്ഷണത്തിനുള്ള മുറി എന്നിങ്ങനെയാണ് ക്രമീകരണങ്ങൾ.

ഡോ. എ.എൽ.ഷീജ, ജില്ലാ മെഡിക്കൽ ഒാഫീസർ.