
പത്തനംതിട്ട: പ്രായം കുറഞ്ഞ മേയർക്ക് പിന്നാലെ പ്രായം കുറഞ്ഞ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെയും സംസ്ഥാനത്തിന് സമ്മാനിക്കുകയാണ് സി.പി.എം. കോന്നി അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി രേഷ്മ മറിയം റോയിയെ (21) തിരഞ്ഞെടുത്തു.
നവംബർ 18 ന് 21-ാം ജന്മദിനം ആഘോഷിച്ച രേഷ്മ തൊട്ടടുത്ത ദിവസമാണ് 11-ാം വാർഡിൽ മത്സരിക്കാൻ പത്രിക സമർപ്പിച്ചത്. മത്സരിക്കാനുള്ള യോഗ്യത നേടി ഒരു മാസവും പത്ത് ദിവസവും പിന്നിടുമ്പോൾ പഞ്ചായത്തിനെ നയിക്കാനുള്ള ചുമതല കൈവന്നതിൽ രേഷ്‌മയ്ക്ക് ഒട്ടും അമ്പരപ്പില്ല.
യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റിൽ മുൻ പഞ്ചായത്ത് പ്രസിഡന്റിനെ 70 വോട്ടിന് തോൽപ്പിച്ചാണ് രേഷ്മയുടെ കന്നിവിജയം. അരുവാപ്പുലം തുണ്ടിയംകുളം വീട്ടിൽ തടിവ്യാപാരിയായ റോയി ടി. മാത്യുവിന്റെയും പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളേജിലെ സീനിയർ ക്ളർക്ക് മിനി റോയിയുടെയും മകളാണ്. സഹോദരൻ റോബിൻ റോയി.
എസ്.എഫ്.ഐയിലൂടെയാണ് രേഷ്മയുടെ രാഷ്ട്രീയ പ്രവേശനം. കോന്നി വി.എൻ.എസ് കോളേജിൽ ബി.ബി.എ ഒന്നാം വർഷം പഠിക്കുമ്പോൾ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായി. എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയംഗമായിരുന്നു. ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയംഗം, സെക്രട്ടേറിയറ്റ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. എൽ.എൽ.ബിക്ക് ചേരാനിരിക്കുകയാണ്. പൊതുപ്രവർത്തനത്തിനൊപ്പം പഠനം തുടരാനാണ് ആഗ്രഹം.
'തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ചെറിയ ഗ്രാമമാണ് അരുവാപ്പുലം. നാടിന് വേണ്ട അടിസ്ഥാന സൗകര്യങ്ങൾക്ക് പ്രാധാന്യം നൽകും. പാർട്ടിയുടെ തീരുമാനം ഏറ്റെടുക്കും. മറ്റൊരു സംഘടനയും യുവജനങ്ങൾക്ക്, പ്രത്യേകിച്ച് വനിതകൾക്ക് ഇങ്ങനെ ഒരു അവസരം നൽകില്ലെന്ന് തോന്നുന്നു.''
- രേഷ്മ മറിയം റോയ്