തണ്ണിത്തോട്: ശേഷിയില്ലാത്ത മോട്ടോറും, ടാങ്കും, പമ്പും, വ്യാസം കുറഞ്ഞ പൈപ്പുകളുമായി തണ്ണിത്തോട് ശുദ്ധജല വിതരണ പദ്ധതി. കടുത്ത വേനലിൽ മലയോരത്തെ മിക്ക പ്രദേശങ്ങളിലും ജലക്ഷാമത്തിന്റെ പിടിയിലായതോടെ തണ്ണിത്തോട് മൂഴിയിൽ പുതിയ ശുദ്ധജല പദ്ധതി വേണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു.പഞ്ചായത്തിലെ തേക്കുതോട്, മുർത്തിമൺ, കൂത്താടി മൺ, മേടപ്പാറ,മേക്കണ്ടം, കരുമാൻതോട്,പൂച്ചക്കുളം തുടങ്ങിയ പ്രദേശങ്ങളിലെല്ലാം ജലക്ഷാമത്തിന്റെ പിടിയിലായി.തേക്കുതോട് ശുദ്ധജല വിതരണ പദ്ധതി 2011 ലാണ് ഉദ്ഘാടനം ചെയ്തത്. ഇതിന്റെ ഭാഗമായ തേക്ക്തോട് മൂഴിക്ക് സമീപമുള്ള പമ്പ് ഹൗസിൽ നിന്നാണ് വെള്ളം പമ്പ് ചെയ്യുന്നത്. തുടക്കത്തിൽ 25 കിലോമീറ്റർ പൈപ്പ് ലൈനുകളും 50 പൊതു ടാപ്പുകളുമാണുണ്ടായിരുന്നത്. ഇപ്പോൾ 250 ടാപ്പുകളും 1000 ഗാർഹിക കണക്ഷനുകളുമാണുള്ളത്. വർഷം തോറും വിവിധ പ്രദേശങ്ങളിലേക്ക് പൈപ്പ് ലൈനുകൾ നീട്ടി. പമ്പിന്റെ ശേഷി കുറഞ്ഞ് കൂടുതൽ സമയം പമ്പിംഗ് വേണ്ടി വരുന്നതിനാൽ കാര്യക്ഷമമായ ശുദ്ധജല വിതരണം നടക്കാതെ വരുന്നു. കാലപ്പഴക്കം കൊണ്ട് ശേഷി കുറഞ്ഞ പമ്പും മോട്ടോറും വ്യാസം കുറഞ്ഞ ടാങ്കുകളും കാരണം പല സ്ഥലങ്ങളിലും ആവശ്യത്തിന് വെള്ളമെത്തുന്നില്ല. ഇനിയും പല ഭാഗങ്ങളിലും പൈപ്പ് ലൈനെത്താനുമുണ്ട്. 26 വർഷങ്ങൾക്ക് മുൻപാണ് പദ്ധതി തയാറാക്കിയത്. പിന്നീട് ഫണ്ടിന്റെ ലഭ്യത കുറവനു സരിച്ച് വെട്ടിച്ചുരുക്കി തകരാറുണ്ടായാൽ പകരം പ്രവർത്തിപ്പിക്കാനുള്ള മോട്ടോറും പമ്പു സെറ്റും ഈ പദ്ധതിയിലില്ല.
പൈപ്പുവെളളം കാത്ത് കുടുംബങ്ങൾ
പദ്ധതിയെ ആശ്രയിക്കുന്ന നിരവധി കുടുംബങ്ങളാണ് മേഖലയിലുള്ളത്. കിണറുകളോ മറ്റ് സൗകര്യങ്ങളൊ ഇല്ലാത്തതിനാൽ മഴക്കാലത്ത് പോലും പൈപ്പ് വെള്ളം കാത്തിരിക്കുന്ന കുടുബങ്ങളാണേറെയും.നിലവിലുള്ള തേക്ക്‌ത്തോട് പ്രദ്ധതിയിൽ നിന്ന് തേക്ക് തോട് മേഖലയിൽ മാത്രം ജലവിതരണം പരിമിതിപ്പെടുത്തി കൊണ്ട് തണ്ണിത്തോട് മൂഴിയിൽ പുതിയ ശുദ്ധജല വിതരണ പദ്ധതി യാഥാർത്ഥ്യമാക്കി പറക്കുളം, മേക്കണ്ടം മലകളിൽ രണ്ട് ടാങ്കുകൾ സ്ഥാപിച്ചാൽ തണ്ണിത്തോട്ടിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും കൃത്യമായി വെള്ളമെത്തിക്കാൻ കഴിയും.
-26 വർഷം മുമ്പുള്ള ശുദ്ധജല വിതരണ പദ്ധതി
-250 ടാപ്പുകൾ
-1000 ഗാർഹീക കണക്ഷനുകൾ