 
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പുതിയ ജനപ്രതിനിധികളായി. 
കാലത്തിന്റെ മാറ്റത്തിന്  അനുസൃതമായി പഞ്ചായത്തുകളുടെ പ്രവർത്തന 
രീതികളിലും മാറ്രമുണ്ടാകേണ്ടേ ? വികസന വിഷയങ്ങളും സങ്കൽപ്പങ്ങളും 
മാറേണ്ട സമയമായോ?  ഇതേപ്പറ്റി പ്രമുഖർ  സംസാരിക്കുന്നു.
ജിതേഷ് ജി
(എക്കോ ഫിലോസഫർ / അതിവേഗ രേഖാചിത്രകാരൻ)
ഹരിതാശ്രമം പാരിസ്ഥിതിക ആത്മീയ ഗുരുകുലം
നാടിന്റെ ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട സാദ്ധ്യതകളെ ഏറ്റവുമധികം ഉപയോഗപ്പെടുത്താൻ കഴിയുന്നത് തദ്ദേശ സ്ഥാപനങ്ങൾക്കാണ്. ഒരു വീട്ടിൽ ഒരു നാടൻ പശു പദ്ധതി, ഒരു വീട്ടിൽ പത്ത് മുട്ടക്കോഴി ചലഞ്ച്, ആടുഗ്രാമം പദ്ധതി, ഗ്രാമീണ അടുക്കളത്തോട്ടം പദ്ധതി എന്ന രീതിയിലെന്തെങ്കിലും പേരിട്ട് അതതു സ്ഥലത്തെ കൃഷിഭവനുമായോ മൃഗസംരക്ഷണ വകുപ്പുമായോ ചേർന്ന് ഭക്ഷ്യസുരക്ഷാ പദ്ധതികൾ പഞ്ചായത്തുകൾക്ക് കാര്യക്ഷമമായി നടപ്പിലാക്കാവുന്നതാണ്. ഇക്കാര്യത്തിൽ കർഷകരെ സഹായിക്കുന്നതിനായി കുടുംബശ്രീയുമായി ചേർന്നുള്ള പദ്ധതികൾ ആവിഷ്‌കരിക്കണം. ഭക്ഷ്യസാധനങ്ങൾക്കായി എന്നും എപ്പോഴും അയൽ സംസ്ഥാനങ്ങളെ ആശ്രയിച്ച് കേരളത്തിനു നിലനിൽക്കാനാവില്ലെന്ന് ഉൾക്കാഴ്ചയും കാഴ്ചപ്പാടുമുള്ള ജനപ്രതിനിധികൾ ഇനിയെങ്കിലും തിരിച്ചറിയേണ്ടതുണ്ട്. എല്ലാ പഞ്ചായത്തുകളിലെയും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുടെ വികസനമാണ് അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കേണ്ട മറ്റൊരു കാര്യം. ആംബുലൻസ് സംവിധാനമില്ലാത്ത പഞ്ചായത്തുകളിലെല്ലാം മിനിമം ഒരു ആംബുലൻസും ഒരു വെന്റിലേറ്റർ സംവിധാനവും ഉണ്ടാകണം.
ജനങ്ങളുടെ കായികാരോഗ്യം ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി സ്ഥിരം കായിക വേദികൾ കണ്ടെത്തണം. കലാ സാംസ്‌കാരിക പ്രവർത്തനങ്ങൾക്കായി സാംസ്‌കാരിക നിലയങ്ങളും ഉറപ്പാക്കണം. മലയോര ജില്ലയുടെ അടിസ്ഥാനപ്രശ്‌നം കുടിവെള്ള ക്ഷാമമാണ്. വേനൽ കടുത്താൽ ഉയർന്നപ്രദേശങ്ങളിലുള്ള ജനങ്ങൾ കുടിവെള്ളമില്ലാതെ നരകിക്കും. കുടിവെള്ള പ്രശ്‌നത്തിനു പ്രായോഗികവും ശാശ്വതവുമായ പരിഹാരം കണ്ടെത്താൻ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്ക് കഴിയണം.