ചെങ്ങന്നൂർ:കീഴ്‌ച്ചേരിമേൽ ശാസ്താംകുളങ്ങര നരസിംഹ സ്വാമി ക്ഷേത്രഗോപുരത്തിൽ ഇരുന്നുമദ്യപിച്ച നാലുപേരെ ചെങ്ങന്നൂർ പൊലീസ് പിടികൂടി. കീഴ്‌ച്ചേരിമേൽ സ്വദേശികളായ ജയകൃഷ്ണൻ (33), സുജിത്ത് കൃഷ്ണൻ (34), അനീഷ് കുമാർ (33), പുലിയൂർ സ്വദേശി മഹേഷ് (36) എന്നിവരെയാണ് പിടികൂടിയത്. മദ്യപാനസംഘം ഇവിടെ സ്ഥിരമായതോടെ സമീപവാസികൾ പൊലീസിൽ വിവരം അറിയിച്ചിരുന്നു. പൊലീസ് പലതവണ എത്തിയപ്പോഴും ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപ് ക്ഷേത്ര ആറാട്ടുകടവ് ഭാഗത്ത് മദ്യപിച്ചിരുന്ന സംഘം പൊലീസ് എത്തിയപ്പോൾ ആറ്റിൽച്ചാടി രക്ഷപെട്ടിരുന്നു. സി.ഐ ജോസ് മാത്യുവിന്റെ നിർദ്ദേശപ്രകാരം എസ്.ഐ സാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് ജീപ്പ് ദൂരെ മാറ്റിയിട്ടശേഷം നടന്നെത്തിയാണ് പ്രതികളെ പിടികൂടിയത്. ഇവരിൽ നിന്നും മദ്യക്കുപ്പിയും പിടിച്ചെടുത്തു. പ്രതികളെ വൈദ്യ പരിശോധനക്ക് വിധേയമാക്കിയ ശേഷം പൊലീസ് കേസെടുത്തു.