കോന്നി: പട്ടയഭൂമിയിൽ നിന്ന് ചന്ദനം ഒഴികെയുള്ള മരങ്ങൾ മുറിക്കുന്നത് തടസപ്പെടുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ മുഖ്യമന്ത്രിയ്ക്കും, വനം വകുപ്പ് മന്ത്രിയ്ക്കും കത്ത് നല്കി. 1964 ലെ ചട്ടങ്ങൾ പ്രകാരം പട്ടയം ലഭിച്ചവർക്കുൾപ്പെടെ അവർ നട്ടു വളർത്തിയ മരങ്ങൾ മുറിച്ചു മാ​റ്റുന്നതിന് വനം വകുപ്പ് ഉദ്യോഗസ്ഥർ ഇപ്പോഴും തടസം നില്ക്കുകയാണ്. പട്ടയഭൂമിയിലെ മരം മുറി വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയതിനു ശേഷം റവന്യൂ,വനം വകുപ്പ് മന്ത്രിമാരെ പങ്കെടുപ്പിച്ച് യോഗം ചേർന്നിരുന്നു. ഇതിനെ തുടർന്ന് റവന്യൂ വകുപ്പ് 2020 മാർച്ച് 11ന്പരിപത്രം പുറത്തിറക്കി. കൃഷിക്കാർക്ക് ചന്ദനം ഒഴികെയുള്ള മരങ്ങൾ മുറിക്കുന്നതിന് തടസമില്ല എന്നു വ്യക്തമാക്കിയാണ് പരിപത്രം പുറപ്പെടുവിച്ചത്. വനം വകുപ്പ് ഉദ്യോഗസ്ഥർ ഈ പരിപത്രത്തിൽ നിയമപരമായ വ്യക്തതയില്ല എന്ന് ആരോപിച്ച് തുടർന്നും മരംമുറി തടസപ്പെടുത്തുകയാണ്. മുഖ്യമന്ത്രി വീണ്ടും വിഷയത്തിൽ ഇടപെടുകയും റവന്യൂ വകുപ്പ് 261/2020 നമ്പർ സർക്കാർ ഉത്തരവ് 2020 ഒക്ടോബർ 24 ന് പുറപ്പെടുവിക്കുകയും ചെയ്തു.1986 ലെ കേരളാ പ്രിസർവേഷൻ ഒഫ് ട്രീസ് ആക്ട് വകുപ്പ് 22 അനുസരിച്ച് കർഷകർ സ്ഥലം പതിച്ചു കിട്ടിയ ശേഷം നട്ടുവളർത്തിയ മരങ്ങൾ മുറിക്കുന്നതിന് അനുവാദം ആവശ്യമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഉത്തരവിന്റെ അടിസ്ഥാനത്തിൽ മരംമുറിച്ചു മാ​റ്റുന്നതിന് ഉദ്യോഗസ്ഥർ തടസം സൃഷ്ടിച്ചാൽ അവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. ഉത്തരവിറങ്ങി രണ്ട് മാസം കഴിഞ്ഞിട്ടും കർഷകർക്ക് പട്ടയഭൂമിയിൽ നിന്ന് മരം മുറിക്കുന്നതിന് വനം വകുപ്പിലെ ചില ഉദ്യോഗസ്ഥർ തടസം സൃഷ്ടിക്കുകയാണ്.ഇത്തരം ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് എം.എൽ.എ മുഖ്യമന്ത്രിയെയും,വനം വകുപ്പ് മന്ത്രിയേയും സമീപിച്ചത്.