cpm

പത്തനംതിട്ട: ഇടത് വലത് മുന്നണികൾക്ക് 13 വീതം അംഗബലമുള്ള പത്തനംതിട്ട നഗരസഭ ആര് ഭരിക്കുമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. മൂന്ന് സ്വതന്ത്രരുടെ നിലപാടാണ് നിർണായകമാകുന്നത്. യു.ഡി.എഫ് റിബലായി വിജയിച്ച കെ.ആർ. അജിത്കുമാർ എൽ.ഡി.എഫിന് പരസ്യമായ പ്രഖ്യാപിച്ച പിന്തുണയിൽ ഉറച്ചു നിൽക്കുകയാണ്. ഇന്നലെ പത്തനംതിട്ടയിലെത്തിയ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അജിത്കുമാറിനെ കാണാൻ ഫോണിൽ വിളിച്ചെങ്കിലും സ്വിച്ച് ഒാഫായിരുന്നു. വൈകിട്ട് ചേരാനിരുന്ന യു.ഡി.എഫ് പാർലമെന്ററി പാർട്ടിയോഗം മാറ്റിവച്ചു. സ്വതന്ത്രരായി വിജയിച്ച ഇന്ദിരാ രമണിയും ആമിനയും ഇന്നലെ രാത്രിവരെയും മനസ് തുറന്നില്ല.

എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവായി മുൻ ചെയർമാൻ അഡ്വ. സക്കീർ ഹുസൈനെ തിരഞ്ഞെടുത്തു. ആദ്യ മൂന്ന് വർഷം സക്കീർ ഹുസൈനും ബാക്കിയിള്ള രണ്ട് വർഷം അജിത്കുമാറും ചെയർമാൻമാരാകാൻ എൽ.ഡി.എഫിൽ ധാരണയായെന്ന് അറിയുന്നു. ഇന്ദിരാ രമണിക്കും ആമിനയ്ക്കും ഇതേ വാഗ്ദാനങ്ങൾ എൽ.ഡി.എഫ് മുന്നോട്ടുവച്ചെങ്കിലും ഇരുവരും തീരുമാനം അറിയിച്ചില്ല.

അജിത് കുമാറിന്റെ പിന്തുണയോടെ എൽ.ഡി.എഫിന്റെ അംഗബലം 14 ആയി. അതേസമയം, ഇന്ദിരയെയും ആമിനയെയും കൂടെ നിറുത്താൻ യു.ഡി.എഫ് ശ്രമം തുടരുകയാണ്. ഇരുവരും യു.ഡി.എഫിനൊപ്പം നിന്നാൽ അവരുടെ അംഗബലം 15 ആകും. മൂന്ന് അംഗങ്ങളുള്ള എസ്.ഡി.പി.െഎയും ഇന്നലെ രാത്രി വരെ നിലപാട് പ്രഖ്യാപിച്ചില്ല.