ചെങ്ങന്നൂർ: ചെങ്ങന്നൂർ നഗരസഭയിലെ അദ്ധ്യക്ഷ, ഉപാദ്ധ്യക്ഷ സ്ഥാനങ്ങൾ സംബന്ധിച്ച് കോൺഗ്രസിലും യു.ഡി.എഫ് മുന്നണിയിലും ധാരണയായി. അഞ്ചു വർഷവും ഒരേ ആളുകളാവില്ല സ്ഥാനങ്ങൾ കൈകാര്യം ചെയ്യുന്നത്. വനിതാ സംവരണമാണ് ഇക്കുറി അദ്ധ്യക്ഷ സ്ഥാനം. ആദ്യത്തെ രണ്ടു വർഷം മുൻ ഹെൽത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷ കൂടിയായ മറിയാമ്മ ജോൺ ഫിലിപ്പ് ആയിരിക്കും ചെയർപേഴ്‌സൺ സ്ഥാനത്ത് എത്തുക. വലിയ പള്ളി 27ാം വാർഡിൽ നിന്നുമാണ് കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റും അങ്ങാടിക്കൽ 14ാം വാർഡ് കൗൺസിലറുമായ ജി.ശ്രീജിത്ത് (ഗോപു പുത്തൻമഠത്തിൽ) ആയിരിക്കും നഗരസഭ ഉപാദ്ധ്യക്ഷൻ ആകുക .രണ്ടു വർഷമായിരിക്കും ഇദ്ദേഹത്തിന്റെയും കാലാവധി. തുടർന്നു വരുന്ന അടുത്ത ഒരു വർഷ കാലാവധിയിൽ ഓരോ സ്ഥാഥാനവും മുൻ കൗൺസിലറും മുൻ സി.ഡി.എസ് (കുടുംബശ്രീ) പ്രസിഡന്റുമായ സൂസമ്മ ഏബ്രഹാം (വാർഡ് 18 ,അങ്ങാടിക്കൽ തെക്ക്, ഇടന്നാട് ഈസ്റ്റ്,ഒമ്പതാം വാർഡ് കൗൺസിലർ കെ.എം.മനീഷിനും യഥാക്രമം അദ്ധ്യക്ഷ, ഉപാദ്ധ്യക്ഷൻ സ്ഥാനങ്ങൾ പങ്കു വയ്ക്കാനാണ് ധാരണ.ഭരണ കാലാവധി തീരുന്ന അവസാന രണ്ടു വർഷം മുൻ ചെയർപേഴ്‌സൺ ശോഭ വർഗീസിനും മുൻ ചെയർമാൻ കെ.ഷിബു രാജനും യഥാക്രമം അദ്ധ്യക്ഷ സ്ഥാനവും ഉപാദ്ധ്യക്ഷ സ്ഥാനവും വഹിക്കും. ഭാരവാഹിത്വം പങ്കിടുന്ന എല്ലാവരും കോൺഗ്രസ് അംഗങ്ങളാണ്. ഇത്തവണ സംസ്ഥാനത്തെ ശക്തമായ ഇടതുപക്ഷ തരംഗത്തിനിടയിലും 27 അംഗ ചെങ്ങന്നൂർ നഗരസഭയിൽ 14 സീറ്റുകൾ നേടി യു.ഡി.എഫ് ഭരണം നിലനിറുത്തുകയായിരുന്നു. കഴിഞ്ഞ തവണ 11 സീറ്റുകൾ നേടിയ ഇടതുപക്ഷത്തിന് ഇക്കുറി കേവലം മൂന്നു സീറ്റുകളിലേക്കു ഒതുങ്ങേണ്ടി വന്നു. എൻ.ഡി.എ മുന്നണിയാകട്ടെ ഏഴ് സീറ്റിലേക്ക് ഉയരുകയും ചെയ്തു. കേരളാ കോൺഗ്രസ് പി.സി.തോമസ് വിഭാഗത്തിലെ രണ്ടു പേരുൾപ്പെടെ മൂന്നു സ്വതന്ത്രരുടെ പ്രാതിനിദ്ധ്യവും ഇത്തവണ കൗൺസിലിനുണ്ട്.