ചെങ്ങന്നൂർ: കേരള ഫോട്ടോഗ്രാഫേഴ്സ് യൂണിയൻ (സി.ഐ..ടിയു)ജില്ലാ കമ്മിറ്റി അംഗവും ചെങ്ങന്നൂർ ഏരിയ മെമ്പറുമായ ബിജു പ്രയാറിനെയും കുടുംബത്തെയും വീട്ടിൽ കയറി ആക്രമിച്ച കേസിലെ പ്രതി മുത്തേടത്തു വീട്ടിൽ ജോമോൻ, ഭാര്യ എന്നിവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കേരള ഫോട്ടോഗ്രാഫേഴ്സ് ആൻഡ് വീഡിയോ ഗ്രാഫേഴ്സ് യൂണിയൻ ചെങ്ങന്നൂർ ഏരിയ കമ്മിറ്റി പ്രസിഡന്റ് സേതു രാഘവൻ സെക്രട്ടറി രഞ്ജിത് ലീഫേജ് എന്നിവർ ആവശ്യപ്പെട്ടു. ബിജുവിന്റെ ഭാര്യയും കുട്ടികളും പടക്കം പൊട്ടിച്ചു കൊണ്ടിരിക്കുമ്പോൾ അയൽവാസിയായ മുത്തേടത്തു വീട്ടിൽ ജോമോനും ഭാര്യയും ചേർന്ന് ബിജുവിന്റെ ഭാര്യ മഞ്ജുവിനെ തലക്കടിക്കുകയാണുണ്ടായത്. ഇതിനിടയിലേക്ക് ഓടിവന്ന ബിജുവിനും പ്രതികളുടെ ആക്രമണത്തിൽ പരിക്കേറ്റു. കുട്ടികളെ ഭയപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. പരിക്കേറ്റ ഇവർ ചെങ്ങന്നൂർ ജില്ലാ ആശുപതിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലും ചികിത്സതേടി.