sebastian-tjomas
ചങ്ങനാശേരി ഉദയഗിരി ജംഗ്ഷനിൽ ഓട്ടോറിക്ഷ അപകടത്തിൽ മരിച്ച സെബാസ്റ്റ്യൻ തോമസ്.

ചങ്ങനാശേരി: ഓട്ടോറിക്ഷ ആശുപത്രിയുടെ ഗെയിറ്റിൽ ഇടിച്ചതിനെത്തുടർന്ന് കമ്പി തലയിൽ തുളച്ച് കയറി യുവാവ് മരിച്ചു. തൃക്കൊടിത്താനം വേടൻപറമ്പിൽ തോമസിന്റെ (മോനിച്ചൻ) മകൻ സെബാസ്റ്റ്യൻ തോമസ് (ബിജു, 44) ആണ് മരിച്ചത്. ചങ്ങനാശേരി സെൻട്രൽ ജംഗ്ഷനിലെ വെറ്റില കച്ചവടക്കാരനായിരുന്നു.
ശനിയാഴ്ച രാത്രി 11 മണിയോടെ ചങ്ങനാശേരി ഐ.സി.ഒ ജംഗ്ഷനിൽ ഉദയഗിരി ആശുപത്രിക്കു മുന്നിലായിരുന്നു അപകടം. ചന്ദനക്കുട ആഘോഷത്തിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങും വഴി നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ഉദയഗിരി ആശുപത്രിയുടെ പ്രധാന ഗെയിറ്റിലിടിക്കുകയായിരുന്നു. തെറിച്ചു പോയ ബിജു ഗെയിറ്റ് ഉറപ്പിക്കാൻ ഉപയോഗിക്കുന്ന കമ്പിയിൽ തലയടിച്ചു വീണു. കമ്പി തലയിൽ തുളച്ചുകയറിയ ബിജുവിനെ ഉടൻ നാട്ടുകാരും ആശുപത്രി ജീവനക്കാരും ചേർന്ന് ഉദയഗിരി ആശുപത്രിയിൽ പ്രഥമ ശുശ്രൂഷയ്ക്കു ശേഷം ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സംസ്‌കാരം ഇന്ന് വൈകുന്നേരം തൃക്കൊടിത്താനം സെന്റ് സേവ്യർ ഫെറോന ചർച്ച് സെമിത്തേരിയിൽ. മാതാവ്: ചിന്നമ്മ തോമസ്. ഭാര്യ: ജോൽസനാ സെബാസ്റ്റ്യൻ. മക്കൾ: സാൽവിൻ, സയൻ. സഹോദരി: ബിന്ദു.