അതുബുംകുളം: വേനൽ കടുത്തതോടെ ഞള്ളൂർ മുരുപ്പ് ഭാഗം കുടിവെള്ള ക്ഷാമം രൂക്ഷമായി.പയ്യാന്നാമൺ തേക്കുമലയിലെ പ്രധാനപമ്പ് ഹൗസിൽ നിന്ന് ഇവിടേക്ക് പൈപ്പ് ലൈനുകളുണ്ടങ്കിലും ഇവിടെ കുടിവെള്ളമെത്തിയിട്ട് ആഴ്ചകളായി. ഇതുമൂലം ഇവിടെയുള്ള കുടുംബങ്ങൾ കുടിവെള്ളത്തിനായി ബുദ്ധിമുട്ടുകയാണ്. പലരും പണം കൊടുത്താണ് വാഹനങ്ങളിൽ വെള്ളമെത്തിക്കുന്നത്. തേക്കുമലയിലെ പ്രധാനപമ്പ് ഹൗസിൽ നിന്ന് പമ്പ് ചെയ്യുന്ന വെള്ളം കോന്നിതാഴം മേഖലയിലെ വിവിധ പ്രദേശങ്ങളിൽ സംഭരിച്ച് വിതരണം ചെയ്യാൻ ഉയർന്ന ഭാഗങ്ങളിലെല്ലാം സബ്ബ്പമ്പ് ഹൗസുകളുണ്ടങ്കിലും ഞള്ളൂരിൽ ഇത് ഇല്ലാത്തതുമൂലം വേനൽക്കാലത്ത് എല്ലാ വർഷവും പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷമാകും.

പൈപ്പുകൾ പൊട്ടുന്നത് പതിവ്

കാർമ്മല ചേരിക്കൽ, കൊന്നപ്പാറ ലക്ഷംവീട് തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള ലൈനുകൾ അടച്ച് തേക്കുമലയിൽ നിന്ന് നേരിട്ട് ഞള്ളൂരിലേക്ക് വെള്ളം പമ്പ് ചെയ്യുകയാണ് പതിവ്. എന്നാൽ ഏഴ് കിലോമീറ്റർ ദൂരയുള്ള ഇവിടെ വെള്ളമെത്തിയാലും പ്രദേശത്തെ താഴ്ന്ന പ്രദേശങ്ങളിൽ മാത്രമെ വെള്ളമെത്തൂ. പലപ്പോഴും മർദ്ദം മൂലം കാലഹരണപ്പെട്ട പൈപ്പുകൾ പൊട്ടിപ്പോകുന്നതും പതിവാണ്. ഞള്ളൂരിനെക്കാൾ ഉയർന്ന പ്രദേശമായ ആവോലിക്കുഴിയിൽ ഒന്നിലധികം സബ് ടാങ്കുകളുള്ളതിനാൽ പ്രദേശത്ത് കുടിവെള്ളം ലഭ്യമാണ്. എന്നാൽ ഞള്ളൂർ മുരുപ്പ് ഭാഗത്ത് കുടിവെള്ള ക്ഷാമം രൂക്ഷമാകും. തേക്കുമല കുടിവെള്ള പദ്ധതിയെ ആശ്രയിക്കുന്ന നിരവധി കുടുംബങ്ങളാണ് പ്രദേശത്തുള്ളത് കിണറുകളോ മറ്റ് സൗകര്യങ്ങളോ ഇല്ലാത്തതുമൂലം മഴക്കാലത്ത് പോലും പൈപ്പ് വെള്ളം കാത്തിരിക്കുന്ന കുടുബങ്ങളാണേറെയും. തേക്കുമലശുദ്ധജല വിതരണ പദ്ധതിയുടെ ഭാഗമായി ഞള്ളൂർ മുരുപ്പ് ഭാഗത്ത് സ്ഥലം കണ്ടെത്തി പുതിയ ടാങ്ക് നിർമ്മിച്ചോ, ആവോലിക്കുഴിയിൽ നിന്ന് വനത്തിലൂടെ പുതിയ പൈപ്പ് ലൈൻ വലിച്ച് ഞള്ളൂരിലെത്തിച്ചോ മാത്രമേ പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാൻ കഴിയുകയുള്ളൂ.