 
പത്തനംതിട്ട: ജില്ലാ ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിന്റെ ഉദ്ഘാടനം പത്തനംതിട്ട കോ-ഓപ്പറേറ്റീവ് കോളേജിലെ കടമ്മനിട്ട നഗറിൽ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം പ്രൊഫ. ടി.കെ.ജി നായർ ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പ്രൊഫ. ജി. രാജശേഖരൻ നായർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് പി.ജി. ആനന്ദൻ, കോഴഞ്ചേരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.എൻ. സോമരാജൻ, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ആർ.തുളസീധരൻ പിള്ള, ജില്ലാ ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി പി.ടി രാജപ്പൻ എന്നിവർ സംസാരിച്ചു. കേരളത്തിലെ ചെറുതും വലുതുമായ നാൽപ്പത്തിനാലോളം പ്രസാധകരുടെ എഴുപതിലധികം സ്റ്റാളുകൾ പുസ്തകോത്സവ വേദിയിൽ ഒരുക്കിയിട്ടുണ്ട്. അക്ഷരസ്‌നേഹികൾക്ക് ഇഷ്ട പുസ്തകങ്ങൾ സ്വന്തമാക്കുവാൻ അവസരമൊരുക്കി ആരംഭിച്ചിട്ടുള്ള ഈ പുസ്തകോത്സവം പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾക്ക് വിധേയമായിയാണ് സംഘടിപ്പിച്ചിട്ടുള്ളത്.