കോഴഞ്ചേരി: കാവുംമുക്ക് പുത്തേഴം പേരൂർച്ചാൽ റോഡിൽ ഭാരം കയറ്റി വന്ന ടോറസ് ലോറി 20 അടി താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു. ഇന്നലെ ഉച്ചയ്ക്ക് 11 നായിരുന്നു സംഭവം. കാവും മുക്കിൽ നിന്ന് പുത്തേഴത്തേക്ക് പോയ ലോറിയാണ് മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കവെ സമീപത്തെ തിട്ടയിടിഞ്ഞ് പൂവം പാറ ഓർത്തഡോക്‌സ് പള്ളി പാഴ്‌സനേ ജിന്റെ മുറ്റത്തേക്ക് മറിഞ്ഞത്. ഈ സമയം അവിടെ ഉണ്ടായിരുന്ന ഫാ.ഫിലിപ് ജോർജും ഭാര്യയും അത്ഭുതകരമായാണ് രക്ഷപെട്ടത്. ഉന്നത നിലവാരത്തിൽ 11.50 കോടി രൂപ ചെലവിൽ നവീകരണ ജോലികൾ നടക്കുന്ന റോഡിലാണ് അപകടം ഉണ്ടായത്. റോഡിന്റെ ഒരു ഭാഗം മലയും മറു ഭാഗം കുഴിയുമാണ്. ഈ റോഡിന്റെ വശത്തു കൂടിയാണ് പുത്തേഴം തോട് കടന്നു പോകുന്നത്. തോടിന്റെ അരികുകളിൽ സംരക്ഷണ ഭിത്തി നിർമ്മിക്കാത്തതാണ് അപകടത്തിന് കാരണമാകുന്നതായി നാട്ടുകാർ പറയുന്നത്. കോടിക്കണക്കിന് രൂപ ചെലവഴിച്ചിട്ടും റോഡിന്റെയും തോടിന്റെയും സംരക്ഷണത്തിന് സർക്കാർ സമയം കണ്ടെത്തുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.