 
മല്ലപ്പള്ളി: ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കീഴ്വായ്പ്പൂര് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ പ്രവർത്തിച്ചുവന്ന കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ (സി.എഫ്.എൽ.ടി.സി) നിറുത്തലാക്കി. സ്‌കൂൾ തുറുന്നുപ്രവർത്തിക്കുന്നതിനുള്ള ക്രമീകരണങ്ങളുടെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശത്തെ തുടർന്നാണ് രോഗികളെ ഇവിടേക്ക് എത്തിക്കേണ്ടെന്ന് തീരുമാനിച്ചതെന്ന് പഞ്ചായത്ത് സെക്രട്ടറി പി.കെ.ജയൻ പറഞ്ഞു. കഴിഞ്ഞ ഒക്ടോബർ 1ന് പ്രവർത്തനം ആരംഭിച്ച സി.എഫ്.എൽ.ടി.സി ഡിസംബർ 24 വരെ പ്രവർത്തിച്ചു. 474 കൊവിഡ് രോഗികളാണ് ഇവിടെ ചികിത്സതേടി ഭേദമായിപോയത്. മല്ലപ്പള്ളി താലൂക്കിൽ ആദ്യമായി ആരംഭിച്ച സി.എഫ്.എൽ.ടി.സി ഇനി ആനിക്കാട് പഞ്ചായത്തിലെ എമ്മാവൂസ് ധ്യാനകേന്ദ്രത്തിലേക്കാണ് മാറ്റുന്നത്. കീഴ്വായ്പ്പൂരിൽ പ്രവർത്തിച്ചുവന്ന ഹൈസ്‌ക്കൂൾ, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ, ബ്ലോക്ക് റിസോഴ്‌സ് സെന്റർ എന്നിവ സർക്കാർ തീയതി പ്രഖ്യാപിക്കുന്നതോടുകൂടി പ്രവർത്തന സജ്ജമാക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.