 
തിരുവല്ല: വയോധികനെ വീട്ടിൽകയറി ആക്രമിച്ച് നാലരപ്പവന്റെ സ്വർണമാല കവർന്ന കേസിൽ ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ് പിടിയിലായി. ബംഗാൾ മൂർഷിദാബാദ് സ്വദേശി ബുള്ളറ്റ് മണ്ഡൽ (26) ആണ് പിടിയിലായത്. തിരുവല്ല മൃഗാശുപത്രിക്ക് സമീപം കുന്നുബംഗ്ലാവിൽ കൃഷ്ണനാചാരി (83) യെ ആക്രമിച്ചാണ് മാല കവർന്നത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനാണ് സംഭവം. കൃഷ്ണനാചാരി താമസിച്ചിരുന്ന കുടുംബ വീടിനോട് ചേർന്ന് മകൻ നിർമ്മിക്കുന്ന വീടിന്റെ പണികൾക്ക് എത്തിയതായിരുന്നു ബുള്ളറ്റ് മണ്ഡൽ . വീട്ടിൽ ആരുമില്ലാത്ത തക്കംനോക്കി കൃഷ്ണനാചാരിയെ ആക്രമിച്ച് മാല കവരുകയായിരുന്നു. തിരുവല്ല സി.ഐ പി.എസ് വിനോദ്, സബ് ഇൻസ്പെക്ടർ അനീസ് എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ പൊലീസ് മേധാവിയുടെ ഷാഡോ ടീം അംഗങ്ങളായ അജികുമാർ, സുജിത് കുമാർ എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്. മോഷ്ടിച്ച മാല പ്രതിയുടെ പെരിങ്ങരയിലെ വാടക വീട്ടിൽ നിന്ന് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.