sabari

ശബരി​മല : മണ്ഡലപൂജ കഴിഞ്ഞ് ശബരിമല നട അടച്ചങ്കിലും ശബരിമലയെ വൃത്തിയായി സൂക്ഷിക്കുന്നതിൽ ഇടതടവില്ലാതെ പ്രവർത്തിക്കുകയാണ് വിശുദ്ധി സേന.

തമിഴ്‌നാട് സേലം സ്വദേശികളായ രാജു, രാമലിംഗം എന്നിവരുടെ നേതൃത്വത്തിൽ തമിഴ് നാട്ടിൽ നിന്നുള്ള 225 അംഗങ്ങളാണ് ശബരിമല ശുചീകരണത്തിനായുള്ള വിശുദ്ധി സേനയിലുള്ളത്. ഇതിൽ സന്നിധാനത്ത് 100 പേരും പമ്പയിൽ 75 ഉം നിലയ്ക്കലിൽ 50 പേരും ജോലി ചെയ്യുന്നു.
കൊവിഡ് പശ്ചാത്തലത്തിൽ തീർത്ഥാടകരുടെ എണ്ണം കുറച്ചതിനാൽ വിശുദ്ധി സേനാംഗങ്ങളുടെ എണ്ണവും ഈ വർഷം പരിമിതപ്പെടുത്തിയിരുന്നു.

സന്നിധാനത്ത്, ശരംകുത്തി, ചരൽ മേട് മുതൽ നടപ്പന്തൽ വരെയും, പാണ്ടിത്താവളത്തുമാണ് വിശുദ്ധി സേനയുടെ പ്രവർത്തനങ്ങൾ. ഇതിനായി സേനാംഗങ്ങളെ 20 പേരടങ്ങുന്ന അഞ്ച് ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്. ഇവരുടെ നേതൃത്വത്തിലാണ് പരിസര ശുചീകരണം, മാലിന്യം ശേഖരിച്ച് സംസ്‌കരിക്കൽ എന്നിവ നടത്തുന്നത്.
കാനന പാതയിലേത് ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങൾ ട്രാക്ടർ ഉപയോഗിച്ച് സന്നിധാനത്ത് പ്രത്യേകം സജ്ജമാക്കിയ മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെത്തിച്ച് ഇൻസിനറേറ്റർ ഉപയോഗിച്ച് സംസ്‌കരിക്കുന്നത്. ഇത് കൂടാതെ കൊവിഡിന്റെ പശ്ചാത്തലത്തിൽ നടപ്പന്തൽ, ശ്രീകോവിലിന് സമീപത്തും അരവണ കൗണ്ടറിന് സമീപത്തും ഉൾപ്പെടെ ഭക്തർ എത്തുന്ന എല്ലാ സ്ഥലങ്ങളിലേയും കൈവരികൾ ഓരോ രണ്ട് മണിക്കൂർ ഇടവിട്ട് അണുവിമുക്തമാക്കിയിരുന്നതും വിശുദ്ധി സേനാംഗങ്ങളാണ്. ഇതിനായുള്ള ഉപകരണങ്ങളും മറ്റും സന്നിധാനത്തെ ദേവസ്വം മരാമത്ത് വിഭാഗമാണ് നൽകുന്നത്. ഇതിന് പുറമേ ആരോഗ്യ വകുപ്പിന്റെയും ഫയർഫോഴ്‌സിന്റെയും ശുചീകരണ പ്രവർത്തനങ്ങളിലും വിശുദ്ധി സേനാംഗങ്ങൾ പങ്കാളികളാകുന്നുണ്ട്.
ജില്ലാ കളക്ടർ പി.ബി. നൂഹിനു കീഴിലുള്ള ശബരിമല സാനിറ്റൈസേഷൻ സൊസൈറ്റിക്കാണ് (എസ്എസ്എസ്) സന്നിധാനത്തെ വിശുദ്ധി സേനയുടെ നിയന്ത്രണം. ശബരിമല എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ഉദ്യോഗസ്ഥ സംഘത്തിനാണ് വിശുദ്ധി സേനയുടെ മേൽനോട്ട ചുമതല. വിശുദ്ധി സേനാംഗങ്ങൾക്ക് സന്നിധാനത്ത് ഭക്ഷണവും താമസ സൗകര്യവും ഒരുക്കിയിട്ടുണ്ട്.