പത്തനംതിട്ട: നഗരസഭയിൽ 21ാം വാർഡിൽ നിന്ന് വിജയിക്കുകയും വൈസ് ചെയർപേഴ്സൺ ആവുകയും ചെയ്ത ആമിന ഹൈദരാലി സ്വതന്ത്രയോ എസ്.ഡി.പി.ഐയോ എന്ന ചോദ്യത്തിൽ വിവാദം കനക്കുന്നു. ആമിന തങ്ങളുടെ അംഗമെന്ന് കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട ശേഷം എസ്.ഡി.പിഐ പ്രസ്താവന ഇറക്കിയിരുന്നു. വിജയിച്ച എസ്.ഡി.പി.ഐ കൗൺസലർമാരുടെ പട്ടികയിൽ ആമിനയുണ്ട്. സംസ്ഥാനത്ത് ഒരിടത്തും എസ്.ഡി.പിഐയുടെ പിന്തുണ സ്വീകരിച്ച് ഭരണം വേണ്ടെന്നാണ് സി.പി.എമ്മിന്റെ പ്രഖ്യാപിത നയം.എന്നാൽ, പത്തനംതിട്ടയിൽ എസ്.ഡി.പി. ഐ സ്വതന്ത്രയുടെ പിന്തുണ സ്വീകരിക്കുകയും ചെയ്തു. അതേസമയം, കോൺഗ്രസ് വിമതയായി വിജയിച്ച താൻ എസ്.ഡി.പി.ഐ അല്ലെന്ന് ആമിന പറയുന്നു. ചെയർമാൻ തിരഞ്ഞെടുപ്പിൽ പിന്തുണ കൊടുത്തതിന് പകരം വൈസ് ചെയർമാൻ പദവി ആമിനയ്ക്ക് നൽകാൻ എൽ.ഡി.എഫ് - എസ്.ഡി.പി.എെ നേതൃത്വങ്ങൾ ധാരണയിലെത്തിയതാണെന്ന് സൂചനയുണ്ട്.