soumd

ത​ദ്ദേ​ശ​ ​സ്വ​യം​ഭ​ര​ണ​ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​ ​പു​തി​യ​ ​ജ​ന​പ്ര​തി​നി​ധി​ക​ളാ​യി.​ ​
കാ​ല​ത്തി​ന്റെ​ ​മാ​റ്റ​ത്തി​ന് ​ അ​നു​സൃ​ത​മാ​യി​ ​​ ​പ്ര​വ​ർ​ത്ത​ന​ ​
രീ​തി​ക​ളി​ലും​ ​മാ​റ്ര​മു​ണ്ടാ​കേ​ണ്ടേ​ ? വി​ക​സ​ന​ ​വി​ഷ​യ​ങ്ങ​ളും​ ​സ​ങ്ക​ൽ​പ്പ​ങ്ങ​ളും​ ​
മാ​റേ​ണ്ട​ ​സ​മ​യ​മാ​യോ​? വായനക്കാർ പ്രതി​കരി​ക്കുന്നു...

പ്രാദേശിക ആസൂത്രണം, ക്ഷേമ പെൻഷൻ പദ്ധതികൾ, വിവിധ സർക്കാർ സ്ഥാപനങ്ങളുടെ നടത്തിപ്പ് തുടങ്ങി നിരവധി ചുമതലകൾ ഗ്രാമ പഞ്ചായത്തുകൾ നിർവ്വഹിക്കേണ്ടതായിട്ടുണ്ട്. എന്നാൽ, പ്രാപ്തരായ ഉദ്യോഗസ്ഥർ, അധിക ജീവനക്കാർ എന്നിവരുടെ ഗണ്യമായ കുറവ് മിക്ക പഞ്ചായത്തുകളിലും നിലനിൽക്കുന്നു. ഗ്രാമപഞ്ചായത്തുകൾ അവർക്ക് താങ്ങാൻ കഴിയാത്ത ചുമതലകൾ ആണ് നടത്തുന്നത്. ഇതിന് അടിസ്ഥാനപരമായ മാറ്റം ആവശ്യമാണ്. ഗ്രാമ പഞ്ചായത്തുകൾ വ്യക്തിഗത ഗുണഭോക്തൃ പദ്ധതി കഴിവതും ഒഴിവാക്കി പ്രാദേശിക വികസനം ലക്ഷ്യമിട്ട് പൊതു പദ്ധതികൾ നടപ്പാക്കണം. വാട്ടർ അതോരിറ്റി, വൈദ്യുതി ബോർഡ് തുടങ്ങിയ സർക്കാർ സ്ഥാപനങ്ങൾ ഗ്രാമപഞ്ചായത്തുകളുടെ പദ്ധതികൾക്ക് പ്രാധാന്യം നൽകണം. ഗ്രാമ പഞ്ചായത്തുകൾ പ്രാദേശിക ജലവിതരണ പദ്ധതികൾക്ക് പ്രാധാന്യം നൽകിയാൽ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകും. സോളാർ പദ്ധതികൾ നടപ്പാക്കിയാൽ വൈദ്യുതി മേഖലയിൽ വലിയ മുന്നേറ്റം ഉണ്ടാക്കാൻ കഴിയും. ശാസ്ത്രീയമായ രീതിയിൽ മാലിന്യ നിർമ്മാർജ്ജന പദ്ധതികൾ വീടുകളിലും സ്ഥാപനങ്ങളിലും നടപ്പാക്കാൻ കഴിയണം. അങ്കണവാടികളുടെ നിലവാരം മെച്ചപ്പെടുത്തി ശിശു സൗഹൃദ കേന്ദ്രങ്ങളാക്കണം.

അഡ്വ. പി.സി.ഹരി,

ചെന്നീർക്കര ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ്.

>>>>>

മാലിന്യ സംസ്കരണം ശരിയായ രീതിയിൽ നടത്തിയാൽ തന്നെ വികസന പദ്ധതികൾ പകുതി വിജയിച്ചു എന്ന് പറയാം. ജൈവ മാലിന്യങ്ങൾ പോലും സ്വന്തം വീട്ടിൽ സംസ്കരിക്കാതെ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു ഗ്രാമനഗര ഭേദമില്ലാതെ റോഡരികിൽ തള്ളുന്നു. ഹരിത കർമസേനയുടെ പ്രവർത്തനം ശക്തിപ്പെടുതണം. എല്ലാ വീട്ടിലും പച്ചക്കറി കൃഷി നിർബന്ധമായി നടപ്പാക്കാൻ ഗ്രാമ പഞ്ചായത്തുകൾ മുകൈയെടുക്കണം. അതിനായി കൃഷി ഭവനുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കണം.

ഷൈല വിശ്വനാഥൻ,

നന്ദനം ഓതറ

>>>>>

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വികസനത്തിൽ ജനപങ്കാളിത്തം ഉറപ്പാക്കണം. ഫണ്ടുകളും പദ്ധതികളും വാർഡിൽ വീതംവയ്ക്കുന്നതിനു പകരം പൊതു വികസന കാഴ്ചപ്പാടുകൾക്ക് മുൻഗണന നൽകണം. ഉല്പാദനപരമായ പദ്ധതികൾ ഉണ്ടാകണം. മുതിർന്ന പൗരൻമാരുടെ ക്ഷേമം ഉറപ്പാക്കുകയും അവരുടെ കഴിവ് ഉപയോഗപ്പെടുത്തുകയും വേണം. യുവാക്കൾ, കൗമാരക്കാർ ഇവരുടെ സമഗ്ര വികസന കാഴ്ചപ്പാടുകൾ ഓരോ തദ്ദേശ സ്ഥാപനത്തിനും ഉണ്ടാകണം. തൊഴിൽ സംരംഭങ്ങൾക്ക് നൽകുന്ന വായ്പകൾ / ധനസഹായം / പദ്ധതി നടക്കുന്നു എന്നുറപ്പാക്കണം. കുട്ടികൾക്കായി എല്ലാ തദ്ദേശ സ്ഥാപനങ്ങളും വിനോദോപാധികൾ സൃഷ്ടിക്കണം.

സംയോജിത പദ്ധതികൾ ഏറ്റെടുക്കാൻ ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് മുന്നോട്ട് വരണം. തൊഴിൽ അവസരങ്ങൾ, ഉൽപ്പാദന പ്രവർത്തനങ്ങൾ എന്നിവയ്ക്ക് ജില്ലാ പഞ്ചായത്ത് മുൻതൂക്കം നൽകണം.

എം.ബി.ദിലീപ് കുമാർ,

പ്രസിഡൻ്റ്, ദിശ പത്തനംതിട്ട

>>>>

വെള്ളച്ചാട്ടങ്ങളുടെയും അരുവികളുടെയും ശൃംഖല ഉൾപ്പെടുത്തി പ്രാദേശികമായി തൊഴിലും വരുമാനവും നാട്ടുകാർക്ക് ലഭിക്കുന്ന തരത്തിൽ മലയോര പ്രദേശങ്ങളിലെ ടൂറിസം രംഗത്ത് വരുമാന വർദ്ധനവിന് അനുയോജ്യമായ പദ്ധതികൾ തുടങ്ങണം. പ്രാദേശികമായി ലഭിക്കുന്ന ഉത്പന്നങ്ങളുടെ വിപണനം വഴി കൂടുതൽ വരുമാന മാർഗങ്ങൾ തുറന്നു കിട്ടുന്നതിന് ഉത്തരവാദിത്ത ടൂറിസം നടപ്പാക്കണം. ജനപങ്കാളിത്ത വിനോദ സഞ്ചാര കേന്ദ്രങ്ങളായി വെള്ളച്ചാട്ടങ്ങൾ തടയണ കെട്ടി വേനൽക്കാലത്തും സഞ്ചാരികളെ ആകർഷിക്കുന്ന രീതിയിൽ വിപുലീകരിക്കണം. അറിയപ്പെടാതെ പോകുന്ന മനോഹരമായ കാനന കാഴ്ചകൾ സഞ്ചാരികൾക്കു സമ്മാനിക്കുന്ന പ്രദേശങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടാൻ ടൂറിസം, പൊതുമരാമത്തു വകുപ്പുകൾ സാഹചര്യം ഒരുക്കണം. പ്രകൃതിദത്തമായ വെള്ളച്ചാട്ടങ്ങളുടെ മനോഹാരിത നിലനിറുത്താനും വികസന സാദ്ധ്യത തിരിച്ചറിഞ്ഞു പരിപാലിക്കാനും കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്താനും ടൂറിസം പ്രമോഷൻ കൗൺസിൽ സംവിധാനങ്ങളുടെ സഹകരണത്തോടെ തുടർ ശ്രമങ്ങൾ അനിവാര്യമാണ്.

ചെറുതും വലുതുമായ അടുത്തടുത്തുള്ള വെള്ളച്ചാട്ടങ്ങൾ തമ്മിൽ ബന്ധിപ്പിച്ച് ആകർഷകമായ രീതിയിൽ റോപ്‌വേ, സിപ് ലൈൻ അടക്കമുള്ള സഞ്ചാര സൗകര്യം ഏർപ്പെടുത്തി ത്രിതല പഞ്ചായത്തുകളുടെ നേതൃത്വത്തിൽ വരുമാന സ്രോതസാക്കണം. വെള്ളച്ചാട്ടങ്ങൾ മുകളിൽ നിന്നും താഴെ നിന്നും കൂടുതൽ അടുത്ത് കാണുവാനും സമീപത്ത് തങ്ങാനും തൂക്കു പാലങ്ങൾ സ്ഥാപിക്കണം.

മടത്തരുവി, പനംകുടന്ത, അരുവിക്കുഴി, അരുവിക്കൽ, കല്ലേലി, മണ്ണീറ, രാജഗിരി, ബ്ലാപ്പില, മീൻതൂക്കുപാറ, നാഗപ്പാറ, ഒരിക്കൻപാറ, തുടങ്ങിയ വെള്ളച്ചാട്ടങ്ങൾ കൂടാതെ കട്ടിക്കല്ലരുവി, പെരുന്തേനരുവി, നാവീണരുവി തുടങ്ങിയ അരുവികൾ കൂടി ഉൾപ്പെടുത്തി ജനപങ്കാളിത്ത ടൂറിസം രംഗത്ത് പദ്ധതികൾക്ക് പഠനാർഹമായ തുടക്കമാകണം.


സുനിൽ തോമസ്, റാന്നി