 
തിരുവല്ല നഗരസഭ,
ബിന്ദു ജയകുമാർ അദ്ധ്യക്ഷ, ഫിലിപ്പ് ജോർജ്ജ് ഉപാദ്ധ്യക്ഷൻ
തിരുവല്ല: ശതാബ്ദി ആഘോഷിക്കുന്ന തിരുവല്ല നഗരസഭയുടെ അദ്ധ്യക്ഷയായി യു.ഡി.എഫിലെ ബിന്ദു ജയകുമാറിനെ തിരഞ്ഞെടുത്തു. കിഴക്കുമുറി 26-ാം വാർഡിൽ നിന്ന് കോൺഗ്രസ് പ്രതിനിധിയായി മൂന്നാംതവണയാണ് ബിന്ദു തിരഞ്ഞെടുക്കപ്പെട്ടത്.
39 അംഗ നഗരസഭാ കൗൺസിലിൽ ആർക്കും കേവലം ഭൂരിപക്ഷം ലഭിക്കാതിരുന്നതിനാൽ രണ്ടുതവണ വോട്ടിംഗ് നടത്തിയാണ് 15 നെതിരെ 17 പേരുടെ പിന്തുണയോടെ ബിന്ദു അദ്ധ്യക്ഷയായത്. എൽ.ഡി.എഫ് സ്ഥാനാർഥി ഷീജ കരിമ്പിൻകാലയ്ക്ക് 15 ഉം എൻ.ഡി.എയുടെ ഗംഗാ രാധാകൃഷ്ണന് ഏഴ് വോട്ടും മാത്രമാണ് ലഭിച്ചത്. എസ്.ഡി.പി.ഐ അംഗം സബിത സലിമിന്റെ വോട്ടും ബിന്ദുവിന് ലഭിച്ചു. സ്വതന്ത്ര മേഘ കെ.സാമുവലിന്റെ വോട്ട് എൽ.ഡി.എഫിന് കിട്ടി. ഉച്ചയ്ക്കുശേഷം നടന്ന ഉപാദ്ധ്യക്ഷൻ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ ഫിലിപ്പ് ജോർജ്ജ് തിരഞ്ഞെടുക്കപ്പെട്ടു. സമാന രീതിയിൽ രണ്ടുതവണ വോട്ടിംഗ് നടത്തിയാണ് 19-ാം തിരുമൂലപുരം വാർഡിൽ നിന്നുള്ള ഫിലിപ്പ് ജോർജ്ജിനെ തിരഞ്ഞെടുത്തത്. വിദ്യാഭ്യാസ ഡെപ്യുട്ടി ഡയറക്ടർ സി.കെ.ഹരിദാസായിരുന്നു വരണാധികാരി.
അദ്ധ്യക്ഷ ദമ്പതികൾ
തിരുവല്ല: ജില്ലയിലെ ഏറ്റവും വലിയ നഗരസഭയുടെ അദ്ധ്യക്ഷസ്ഥാനത്തേക്ക് ഭർത്താവിന് പിന്നാലെ ഭാര്യയും തിരഞ്ഞെടുക്കപ്പെട്ടു. തിരുവല്ല നഗരസഭയുടെ ചെയർമാനായി ആർ. ജയകുമാർ കാലയളവ് പൂർത്തിയാക്കിയതിന് പിന്നാലെയാണ് ഭാര്യ ബിന്ദുവും അതേ കസേരയിൽ സ്ഥാനം പിടിക്കുന്നത്.
കോൺഗ്രസുകാരായ ഇവർ ഇരുവരും തുടർച്ചയായി വിജയിച്ചെത്തുന്നത് കിഴക്കുമുറി വാർഡിൽ നിന്നാണ്. ജയകുമാറിന് മുമ്പ് പിതാവ് ആർ.രാമചന്ദ്രപണിക്കരും 1979 മുതൽ ഈ വാർഡിലെ കൗൺസിലറാണ്. വൈസ് ചെയർമാനും ആയിട്ടുണ്ട്.
1996ൽ രാമചന്ദ്രപണിക്കരുടെ മരണത്തെ തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിലാണ് മകൻ ജയകുമാർ ആദ്യമായി വിജയിക്കുന്നത്. പിന്നീട് 2000ലും 2010ലും വനിതാ സംവരണമായപ്പോൾ ഭാര്യ ബിന്ദു വിജയിച്ചു. ഇതിനിടെ 2005ലും 2015ലും വിജയിച്ച ജയകുമാർ രണ്ടുതവണ ചെയർമാനുമായി. ഇത്തവണ വീണ്ടും ബിന്ദു വിജയിച്ചതോടെ ഇപ്പോൾ അദ്ധ്യക്ഷ സ്ഥാനത്തേക്കും തിരഞ്ഞെടുത്തു. പ്ലാപ്പള്ളിൽ കുടുംബാംഗമായ ജയകുമാർ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റും കിഴക്കുമുറി എൻ.എസ്.എസ് കരയോഗം പ്രസിഡന്റുമാണ്. ശ്രീലക്ഷ്മി, പവിത്ര എന്നിവരാണ് മക്കൾ.
പന്തളം നഗരസഭ,
പട നയിക്കാൻ സുശീല സന്തോഷ്, 
സഹായത്തിന് യു.രമ്യയും
പന്തളം: നഗരസഭ ചെയർപേഴ്സണായി ബി.ജെ.പിയിലെ സുശീല സന്തോഷും വൈസ് ചെയർപേഴ്സണായി യു.രമ്യയും തിരഞ്ഞെടുക്കപ്പെട്ടു. 33 അംഗ കൗൺസിലിൽ സുശീല സന്തോഷിന് 18 വോട്ടു ലഭിച്ചു. എൽ.ഡി.എഫിലെ ലസിതാ നായർക്ക് 9 ഉം, യു.ഡി.എഫിലെ പന്തളം മഹേഷിന് 5 ഉം വോട്ടുകൾ ലഭിച്ചു. സി.പി.എം വിമതൻ അഡ്വ. രാധാകൃഷ്ണൻ ഉണ്ണിത്താൻ വോട്ടു ചെയ്തില്ല.
സുശീല സന്തോഷ് 33ാം വാർഡിൽ നിന്നും യു.രമ്യ 25ാം വാർഡിൽ നിന്നുമാണ് വിജയിച്ചത്. ജില്ലാ പട്ടികജാതി വികസന ഓഫീസർ എസ്.എസ്. ബീന വരണാധികാരിയായിരുന്നു.
അടൂർ നഗരസഭ,
ഡി. സജി ചെയർമാൻ,ദിവ്യാ റജി മുഹമ്മദ് 
വൈസ് ചെയർപേഴ്സൺ
അടൂർ : രണ്ട് സ്വതന്ത്രൻമാരുടെ പിന്തുണയിൽ എൽ.ഡി.എഫ് നഗരസഭ ഭരണം നിലനിറുത്തി. ചെയർമാനായി സി.പി.ഐ ജില്ലാ അസി.സെക്രട്ടറിയും ആറാം വാർഡ് കൗൺസിലറുമായ ഡി.സജിയും വൈസ് ചെയർപേഴ്സണായി മഹിളാ അസോ. സംസ്ഥാന കമ്മറ്റി അംഗവും അദ്ധ്യാപികയുമായ സി.പി.എമ്മിലെ ദിവ്യാ റജി മുഹമ്മദും തിരഞ്ഞെടുക്കപ്പെട്ടു. ഏക ബി.ജെ.പി അംഗം ശ്രീജ ആർ. നായർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. 
സ്വതന്ത്ര അംഗങ്ങളായ എം.അലാവുദ്ദീനും ബീനാ ബാബുവും എൽ.ഡി.എഫിനെ പിന്തുണച്ചു. ആർ. ഡി. ഒ എസ്. ഹരികുമാർ വരണാധികാരിയായിരുന്നു. പതിനൊന്നിനെതിരെ 16 വോട്ടുകൾക്കാണ് ഡി. സജി തിരഞ്ഞെടുക്കപ്പെട്ടത്.
കർഷക കുടുംബത്തിൽ നിന്ന്
ഇടത്തരം കർഷക കുടുംബമായ പന്നിവിഴ മയ്യനാട്ട് വീട്ടിൽ പരേതനായ ധർമ്മപാലന്റെയും മീനാക്ഷിയുടേയും മൂത്തമകനാണ്. എ.ഐ.എസ്.ഫിലൂടെ സംഘടന പ്രവർത്തനരംഗത്ത് തുടക്കം. 16 വർഷം സി. പി. ഐ അടൂർമണ്ഡലം കമ്മറ്റിയെ നയിച്ചു. സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി,എ. ഐ. ടി. യു. സി ജില്ലാ പ്രസിഡന്റ്, സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം, മോട്ടോർ തൊഴിലാളി ഫെഡറേഷൻ സെക്രട്ടറി, സപ്ലൈകോ വർക്കേഴ്സ് ഫെഡറേഷൻ (എ. ഐ. ടി. യു. സി) ജില്ലാ സെക്രട്ടറി ഏഴംകുളം, അഗ്രികൾച്ചർ മാർക്കറ്റിംഗ് സൊസൈറ്റി ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു ഭാര്യ : ശുഭ സജി. മക്കൾ : അശ്വിൻ സജി (പ്ളസ് ടൂ വിദ്യാർത്ഥി ) ഐശ്വര്യ ( ആറാം ക്ലാസ്സ് വിദ്യാർത്ഥി).
വൈസ് ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ട ദിവ്യാ റജി മുഹമ്മദ് മുൻ കൗൺസിലറാണ്. സി.പി.എം ഏരിയാ കമ്മറ്റി അംഗം, മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മറ്റിഅംഗം, എൻ. ആർ. ഇ. ജി വർക്കേഴ്സ് ഫെഡറേഷൻ മുനിസിപ്പൽ സെക്രട്ടറി, പറക്കോട് സഹകരണബാങ്ക് ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയാണ്.
പത്തനംതിട്ട നഗരസഭ,
തിട്ട കാക്കാൻ ടി.സക്കീർ ഹുസൈനും
ആമിന ഹൈദ്രാലിയും
പത്തനംതിട്ട : പത്ത് വർഷത്തിന് ശേഷം പത്തനംതിട്ട നഗരസഭ ഭരണം എൽ.ഡി.എഫ് നേടി. ചെയർമാനായി സി.പി.എം അംഗം ടി.സക്കീർ ഹുസൈനെ തിരഞ്ഞെടുത്തു. സ്വതന്ത്ര സ്ഥാനാർത്ഥികളായ കെ.ആർ അജിത് കുമാർ, ഇന്ദിരാമണി, ആമിന ഹൈദ്രാലി എന്നിവരുടെ പിന്തുണയോടെ
16 സീറ്റിന്റെ പിൻബലത്തിലാണ് എൽ.ഡി.എഫ് ഭരണത്തിലെത്തിയത്. കെ.ആർ. അജിത്കുമാറാണ് സക്കീർ ഹുസൈന്റെ പേര് നിർദേശിച്ചത്. പി.കെ.അനീഷ് പിന്താങ്ങി. 32 വാർഡുള്ള നഗരസഭയിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും 13 സീറ്റുകൾ വീതമാണുള്ളത്. മൂന്ന് എസ്.ഡി.പി.ഐ അംഗങ്ങളും മൂന്ന് സ്വതന്ത്രരുമാണ് വിജയിച്ച മറ്റുള്ളവർ. ഇവരിൽ രണ്ട് കോൺഗ്രസ് വിമതരും ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയുമായിരുന്നു. എസ്.ഡി.പി.ഐ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നു. യു.ഡി.എഫിന്റെ ചെയർമാൻ സ്ഥാനാർത്ഥി എം.സി.ഷെരീഫ് ആയിരുന്നു.
സ്വതന്ത്ര അംഗം ആമീന ഹൈദ്രാലിയാണ് വൈസ് ചെയർപേഴ്സൺ. എൽ.ഡി. എഫിലെ അനിലാ അനിലാണ് പേര് നിർദ്ദേശിച്ചത്. ലാലി രാജു പിന്താങ്ങി. എൽ.ഡി.എഫിന്റെയും സ്വതന്ത്രരുടെയും ഉൾപ്പെടെ 16 വോട്ടുകൾ ആമീന ഹൈദ്രാലി നേടിയപ്പോൾ യു.ഡി.എഫിലെ സിന്ധു അനിലിന് 13 വോട്ടുകൾ ലഭിച്ചു. കഴിഞ്ഞ കൗൺസിലിൽ യു.ഡി.എഫ് അംഗമായിരുന്നു. ഈ തവണ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് വിമതയായി മത്സരിക്കുകയായിരുന്നു.