പത്തനംതിട്ട : നഗരസഭയിൽ കക്ഷി രാഷ്ട്രീയം ഉണ്ടാവരുതെന്നാണ് ആഗ്രഹമെന്ന് നഗരസഭ ചെയർമാൻ ടി.സക്കീർ ഹുസൈൻ പറഞ്ഞു.പത്തനംതിട്ട പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുസ്ഥിരമായ ഭരണം ആഗ്രഹിച്ചതിനാലാണ് മൂന്ന് സ്വതന്ത്ര അംഗങ്ങളും എൽ.ഡി.എഫ് പിന്തുണ നൽകിയത്.എസ്.ഡി.പി.ഐ അംഗങ്ങളുടെ പിന്തുണ തേടിയിട്ടില്ല.ആമീന ഹൈദ്രാലി സ്വതന്ത്രയായി മത്സരിച്ച് വിജയിച്ച അംഗമാണ്. വോട്ടെടുപ്പിൽ നിന്നും എസ്.ഡി.പി.ഐ അംഗങ്ങൾ വിട്ടു നിൽക്കുകയായിരുന്നു. ആമീന എസ്.ഡി.പി.ഐ ആയിരുന്നുവെങ്കിൽ അവർ വോട്ടു ചെയ്യില്ല. ഒരു പാർട്ടിയുമായി ബന്ധമില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ ഫോറത്തിൽ അവർ വ്യക്തമാക്കിയിട്ടുള്ളത്.നഗരത്തിന്റെ വികസനത്തിന് സ്ഥിരതയുള്ള ഭരണം ആവശ്യമാണ്. മുഴുവൻ വാർഡുകളിലും വികസന പ്രവർത്തനങ്ങൾ എത്തിക്കുമെന്ന് വൈസ് ചെയർപേഴ്‌സൺ ആമീന ഹൈദ്രാലി പറഞ്ഞു. താൻ സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് മത്സരിച്ചത്. കക്ഷി രാഷ്ട്രീയം നോക്കാതെ എല്ലാവരും പിന്തുണച്ചു.ഒരു പാർട്ടിയുമായി ബന്ധമില്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണ്.വിജയിച്ച് കഴിഞ്ഞപ്പോൾ പല പാർട്ടിക്കാരും മാലയിട്ട് സ്വീകരിച്ചിട്ടുണ്ട് അതൊന്നും തന്നെ ബാധിക്കുന്നില്ലെന്നും അവർ വ്യക്തമാക്കി. പ്രസ്ക്ലബ് സെക്രട്ടറി ബിജു കുര്യൻ സ്വാഗതവും വൈസ് പ്രസിഡന്റ് ജി.വിശാഖൻ അദ്ധ്യക്ഷതയും വഹിച്ചു.