തിരുവല്ല: കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന തിരുവല്ല -മല്ലപ്പളളി - ചേലക്കൊമ്പ് റോഡ് സ്ഥലം ഏറ്റെടുക്കലിന് പഠനം നടത്താൻ നടപടി തുടങ്ങി. 12 മീറ്റർ വീതിയിലാണ് റോഡ് അന്താരാഷ്ട്ര നിലവാരത്തിൽ പുനർ നിർമ്മിക്കുന്നത്. ഇതിന് ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് നിയമം നിഷ്‌കർഷിക്കുന്ന സാമൂഹ്യ ആഘാത പഠനത്തിന് കളമശേരി കേന്ദ്രമായി പ്രവർത്തിക്കുന്ന രാജഗിരി എഡ്യുക്കേഷണൽ ആൾട്രുനേറ്റീവ് ആൻഡ് കമ്മ്യൂണിറ്റി ഹെൽത്ത് സർവീസസ് സൊസൈറ്റിയെ ചുമതലപ്പെടുത്തി സർക്കാർ വിജ്ഞാപനമിറക്കി. ജില്ലയിലെ തിരുവല്ല, കുറ്റപ്പുഴ, കുന്നന്താനം, കല്ലൂപ്പാറ, മല്ലപ്പള്ളി, ആനിക്കാട് എന്നീ വില്ലേജുകളിലും കോട്ടയം ജില്ലയിലെ പായിപ്പാട്, നെടുംങ്കുന്നം എന്നീ വില്ലേജുകളിലുമായി 2.3835 ഹെക്ടർ സ്ഥലമാണ് (5.89 ഏക്കർ) റോഡിന് കൂടുതലായി ഏറ്റെടുക്കേണ്ടി വരുന്നത്.പണികൾ ഏറ്റെടുത്തിട്ടുള്ള റിക്ക് നടത്തിയ സർവേയുടെ അടിസ്ഥാനത്തിൽ ഏറ്റെടുക്കേണ്ട ഭൂമി കല്ലുകൾ സ്ഥാപിച്ച് അടയാളപ്പെടുത്തിയിട്ടുണ്ട്. നിരവധി കേസുകൾ വസ്തു ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ ഫയൽ ചെയ്യപ്പെട്ടതിനെ തുടർന്ന് നിയമവ്യവസ്ഥകൾ എല്ലാം പാലിച്ച് മാത്രമേ ഏറ്റെടുക്കൽ നടപടികൾ തുടരാവൂ എന്ന കോടതി നിർദ്ദേശത്തെ തുടർന്നാണ് സാമൂഹ്യ ആഘാത പഠനത്തിന് ജില്ലാ കളക്ടർ ക്വട്ടേഷൻ ക്ഷണിച്ച് സർക്കാരിന് ഏജൻസിയെ നിശ്ചയിക്കുവാൻ ശുപാർശ നൽകിയത് . പഠനം രണ്ട് മാസത്തിനകം പൂർത്തീകരിച്ച് റിപ്പോർട്ട് സമർപ്പിക്കണം. വസ്തു ഉടമസ്ഥർക്ക് പൊന്നുംവില നൽകുന്നതിന് നടപടികൾ സ്വീകരിച്ചുവരുന്നു.

റോഡിന് അനുവദിച്ച് കിട്ടിയ 83 കോടി രൂപ നഷ്ടമാകാതിരിക്കുന്നതിനാണ് നടപടികൾ വീഴ്ച ഉണ്ടാകാതെ മുന്നോട്ടു നീങ്ങുന്നത്. സ്വാഭാവികമായ കാലതാമസം അനിവാര്യമായി തീർന്നിരിക്കുകയാണ്

മാത്യു ടി.തോമസ്

(എം.എൽ.എ )

-12 മീറ്റർ വീതിയിൽ പുനർ നിർമ്മാണം

- 2.3835 ഹെക്ടർ സ്ഥലം റോഡിനായി എടുക്കും