1

കടമ്പനാട് : ഇടിഞ്ഞു വീഴാറായ മൺകട്ട കെട്ടിയ വീട്ടിൽ നിന്ന് അച്ഛനും അമ്മയും ഒരുക്കിയ കരുതലിന്റെ കരുത്തുമായി മാത്രം ഒരുവൾ ആതുരമേഖലയിലേക്ക് കടന്നുവരുകയാണ്. തുവയൂർ തെക്ക് പാണ്ടി മലപ്പുറം 12-ാം വാർഡിൽ മൂർത്തി വിളയിൽ കൂലിപ്പണിക്കാരനായ എൻ.മധുവിന്റെയും കശുഅണ്ടി തൊഴിലാളിയായ ശ്രീകലയുടെയും മകൾ ശ്രീലക്ഷ്മിയാണ് കഷ്ടപാടുകളെ ചെറുത്ത് എം.ബി.ബി.എസ് പ്രവേശനം നേടിയത്. ആത്മവിശ്വാസം മാത്രം കൈമുതലാക്കി മുന്നോട്ട് പോകുന്ന ശ്രീലക്ഷ്മിയുടെ കുടുംബം സാമ്പത്തിക ബുദ്ധിമുട്ടിൽ നട്ടംതിരിയുകയാണ്. സഹായ ഹസ്തവുമായി ആരെങ്കിലും ഒപ്പമുണ്ടാകണമേയെന്നാണ് ഇവരുടെ പ്രാർത്ഥന.

ഡോക്ടറാകാനായിരുന്നു ശ്രീലക്ഷ്മിയുടെ ആഗ്രഹം. ദേശീയ പ്രവേശന പരീക്ഷയിൽ ഉന്നത റാങ്ക് നേടി. ഇ.എസ്.ഐ ക്വാട്ടയിൽ കോയമ്പത്തൂർ ഇ.എസ്.ഐ മെഡിക്കൽ കോളജിൽ പ്രവേശനവും നേടി. കടം വാങ്ങിയും പലിശക്കെടുത്തുമാണ് ഇതുവരെ എത്തിയത്. ചൂരക്കോട് എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് പ്ളസ് ടു ഉയർന്ന മാർക്കോടെ പാസായി. തുടർന്ന് കൊല്ലത്തെ സ്വകാര്യ പരിശീലനകേന്ദ്രത്തിൽ ചേർന്ന് ഒരു വർഷം മെഡിക്കൽ പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുത്തു. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് ഇപ്പോൾ വിജയം കൈവരിച്ച സന്തോഷത്തിലാണ് തുടർപഠനം ഒരു ചോദ്യചിഹ്നമായി നിൽക്കുന്നത്. സുരക്ഷിതമല്ലാത്ത വീട്ടിൽ മധുവിന്റെ 80 വയസ്സുള്ള അച്ഛൻ നീലകണ്ഠൻ ഉൾപ്പടെ ആറ് അംഗങ്ങളാണ് ഉള്ളത്. നീലകണ്ഠന്റെ പിതാവിന്റെ പേരിലുള്ള കുടുംബ വസ്തുവിലാണ് താമസം. വസ്തു റീ സർവ്വെ നടപടികളുടെ കുരുക്കിൽപ്പെട്ട് കിടക്കുകയാണ്. പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരായിട്ടും ഭൂമിയില്ലാത്തതിനാൽ വീടും ലഭിച്ചില്ല. മകളുടെ തുടർ പഠനം സാദ്ധ്യമാകണം. വീട് വേണം. ഇതുമാത്രമാണ് ഈ മാതാപിതാക്കളുടെ ആഗ്രഹം. അതിന് കനിവുള്ളവരുടെ സഹായമാണ് ഇവർക്കാവശ്യം. മധുവിന്റെ ഫോൺനമ്പർ - 95449 66707.